‘ഭയാനകമായ തെറ്റ്’: ട്രംപ് സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ മുൻ സൈനികർ

വാഷിങ്ടൺ: ട്രംപ് ഭരണകൂടം സൈന്യത്തെ രാഷ്ട്രീയവൽക്കരിച്ചതിനെ അപലപിച്ച് വിരമിച്ച മുതിർന്ന സൈനികർ. അത് ഭയാനകമായ തെറ്റാണെന്ന് അവർ പറഞ്ഞു. ഡെമോക്രാറ്റിക്കുകളായ നിയമനിർമാതാക്കൾക്കെതിരെ ഡോണൾഡ് ട്രംപ് ‘മരണശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹം’ ആരോപിച്ചതിനു പിന്നാലെയാണ് മുതിർന്ന സൈനികർ രംഗത്തുവന്നത്. ഡെമോക്രാറ്റുകളുടെ ഒരു ചെറു സംഘം ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ഉത്തരവുകൾ പാലിക്കരുതെന്ന് യു.എസ് സൈനികരോട് ആഹ്വാനം ചെയ്യുന്ന ഒരു വിഡിയോ പുറത്തുവിട്ടതിനെത്തുടർന്ന് ട്രംപ് അവരെ കടുത്ത ഭാഷയിൽ ആക്രമിച്ചിരുന്നു.

സൈനിക അല്ലെങ്കിൽ ദേശീയ സുരക്ഷാ പശ്ചാത്തലമുള്ള ഡെമോക്രാറ്റിക് നിയമനിർമാതാക്കളായ മാഗി ഗുഡ്‌ലാൻഡർ, ജേസൺ ക്രോ, ക്രിസ് ഡെലൂസിയോ, ക്രിസ്സി ഹൗലഹാൻ, സെനറ്റർമാരായ മാർക്ക് കെല്ലി, എലിസ സ്ലോട്ട്കിൻ എന്നിവരാണ് യു.എസ് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തത്.

ഇതിനെതിരെ ‘രാജ്യദ്രോഹപരമായ പെരുമാറ്റം, വധശിക്ഷക്ക് അർഹമായത്’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു. ‘നമ്മുടെ രാജ്യത്തെ ഈ രാജ്യദ്രോഹികളിൽ ഓരോരുത്തരെയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം’ എന്ന് അഭിപ്രായപ്പെട്ട മറ്റൊരു ഉപയോക്താവിൽ നിന്നുള്ള സന്ദേശവും ട്രംപ് പോസ്റ്റ് ചെയ്തു.

എന്നാൽ, ഈ അഭിപ്രായങ്ങൾ സൈന്യത്തിലെ നിയമ സമൂഹത്തെ പ്രകോപിപ്പിച്ചു. വിരമിച്ച വ്യോമസേന കേണലും വ്യോമസേനയുടെ മുൻ ചീഫ് പ്രോസിക്യൂട്ടറുമായ ഡോൺ ക്രിസ്റ്റൻസൺ, രാജ്യദ്രോഹത്തെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായങ്ങളെ ‘ഭയാനകമായ തെറ്റ്’ എന്ന് വിശേഷിപ്പിച്ചു.

‘അദ്ദേഹം രാജ്യദ്രോഹം അനുചിതമായി ഉപയോഗിക്കുന്നു’വെന്ന് വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനും സൈനിക നീതിന്യായ ശാഖയായ ‘ജഡ്ജി അഡ്വക്കേറ്റ് ജനറൽ കോർപ്സിലെ’ അഭിഭാഷകനുമായ ഡേവിഡ് ഫ്രാക്റ്റ് പറഞ്ഞു. ‘ആരെങ്കിലും രാജ്യദ്രോഹം ചെയ്തെങ്കിൽ അത്, ജനുവരി 6ന് ട്രംപ്, സർക്കാറിനെ അട്ടിമറിക്കാൻ പ്രേരിപ്പിച്ച ആളുകൾ തന്നെയാണെന്നതാണ് വിരോധാഭാസമെ’ന്ന് ​പഴയ കാപിറ്റോൾ സംഭവത്തെ ഉദ്ദേശിച്ച് ഫ്രാക്ട് പറഞ്ഞു. ‘നിങ്ങൾക്കറിയാമോ അദ്ദേഹം ആ ആളുകൾക്കെല്ലാം മാപ്പ് നൽകി. അവരെ ദേശസ്നേഹികളും രക്തസാക്ഷികളും എന്ന് വിശേഷിപ്പിച്ചു’വെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

വധശിക്ഷയെക്കുറിച്ചുള്ള വാചാടോപം നിയമനിർമാതാക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് ഫ്രാക്റ്റ് പറഞ്ഞു. ആ ആളുകളെല്ലാം ഇപ്പോൾ അവരുടെ ജീവനെക്കുറിച്ച് ഭയപ്പെടാൻ സാധ്യതയുണ്ട്. ഭരണകൂടം ഞങ്ങളുടെ യൂനിഫോം ധരിച്ച സൈനിക, രഹസ്യാന്വേഷണ വിദഗ്ധരെ അമേരിക്കൻ പൗരന്മാർക്കെതിരെ മത്സരിപ്പിക്കുന്നതായും അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'Terrible mistake': Former soldiers protest Trump's politicization of the military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.