‘എന്റെ കുഞ്ഞുങ്ങളെ കാണണം...’ കോമയിൽനിന്ന് ഉണർന്നപ്പോൾ ‘മൂന്ന് കുട്ടികളുടെ അമ്മ’; വിചിത്രവാദങ്ങളുമായി 19കാരി

ലിയോൺ: ഫ്രാൻസിലെ ലിയോണിലെ വെർഡിയർ എന്ന 19കാരി പെൺകുട്ടി. ഒരു അപകടത്തെ തുടർന്ന് മൂന്നാഴ്ച ആശുപത്രിക്കിടക്കയിൽ കോമയിൽ കിടക്കുകയായിരുന്നു അവർ. കോമയിൽനിന്നെഴുന്നേറ്റ് വെർഡിയർ ആദ്യം ചോദിച്ച ചോദ്യംകേട്ട് ഡോക്ടർമാരും ബന്ധുക്കളും ഞെട്ടി! തന്റെ ‘മൂന്ന് കുഞ്ഞുങ്ങൾ എവിടെ?’ എന്നായിരുന്നു അവരുടെ ചോദ്യം. തനിക്ക് അവരെ ഇപ്പോൾതന്നെ കാണണമെന്ന് പറഞ്ഞ് അവർ വാശിപിടിക്കുകയും ചെയ്തു.

എന്നാൽ വിചിത്രമായ കാര്യം എന്തെന്നാൽ അവൾ ഒരിക്കലും പ്രസവിച്ചിട്ടില്ലായിരുന്നു. എന്നാൽ താൻ തന്റെ മൂന്ന് കുഞ്ഞുങ്ങളെ മുലയൂട്ടുകയും വളർത്തുകയും ചെയ്തുവെന്നാണ് യുവതി പറഞ്ഞുകൊണ്ടിരിക്കുന്നത്. തന്റെ പെൺമക്കളുടെ പേര് ചോദിച്ച അവർ കുട്ടികളെ കിടക്കക്കരികിൽ കൊണ്ടുവരാത്തതിൽ ആശുപത്രി അധികൃതരോട് വിഷമമറിയിക്കുകയും ചെയ്തു.

അതേസമയം യുവതി ഒരിക്കലും ഗർഭിണിയായിരുന്നിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൂന്നാഴ്ച അബോധാവസ്ഥയിൽ കിടന്ന സമയത്ത് തലച്ചോറിലുണ്ടായ വ്യതിയാനമാണ് ഈ ഇല്ലാത്ത ഓർമ നിർമിച്ചെടുത്തതെന്ന് ഡോക്ടർമാർ പറയുന്നു.

വലിയ അളവിൽ മരുന്നുകഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനെത്തുടർന്നാണ് യുവതി കോമയിലാവുന്നത്. ശേഷം മൂന്ന് ആഴ്ച അബോധാവസ്ഥയിൽ കിടക്കുമ്പോൾ പേടിസ്വപ്നങ്ങൾ ഒരുപാട് കണ്ടതായും ഇവർ പറയുന്നു. ‘ഞാൻ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു. പ്രസവിക്കുന്നതിനെക്കുറിച്ച് കണ്ടപ്പോൾ വല്ലാത്ത സമ്മർദ്ദം അനുഭവപ്പെട്ടു. ഞാൻ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മില, മൈൽസ്, മൈലി എന്ന് അവർക്ക് പേരിട്ടു. ജനിച്ചയുടനെ മൈലി മരിച്ചു. അതെനിക്ക് ഏറെ വിഷമമുണ്ടാക്കി. സങ്കടവും കുറ്റബോധവും കൊണ്ട് എന്റെ മനസ്സ് വല്ലാതായി.’ അവർ പറയുന്നു. കുട്ടികളുടെ ജനനം മാത്രമല്ല അതിനുശേഷമുള്ള ജീവിതവും തനിക്ക് ഓർമയുണ്ടെന്ന് വെർഡിയർ പറയുന്നു.

അതേസമയം ഇത്തരത്തിൽ കോമയിൽ കിടക്കുമ്പോഴുണ്ടാകുന്ന സ്വപ്‌നങ്ങൾ അസാധാരണമല്ലെന്ന് ന്യൂറോളജിസ്റ്റുകൾ പറയുന്നു, പ്രത്യേകിച്ച് തലച്ചോറിനുണ്ടാകുന്ന ആഘാതത്തിന് ശേഷം. കോമയിലുള്ള രോഗികൾക്ക് ഉറക്കം അനുഭവപ്പെടുന്നില്ലെന്നും പലരും അബോധാവസ്ഥയിൽ തെളിയുന്ന കാര്യങ്ങൾ യഥാർഥ്യമാണെന്ന് കരുതാറുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Tags:    
News Summary - Teen Wakes Up From Coma Believing She Gave Birth To Triplets Asks To Meet Babies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.