ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിനു നേരെ താലിബാൻ നടത്തിയ ഒളിയാക്രമണത്തിൽ പന്ത്രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തുവെന്നും സൈനികരിൽ നിന്ന് അവർ ആയുധങ്ങളും ഡ്രോണുകളും പിടിച്ചെടുത്തുവെന്നും പാക് ഉദ്യോഗസ്ഥർ പറഞ്ഞു.
അഫ്ഗാനിസ്താൻ അതിർത്തിക്കടുത്തുള്ള തെക്കൻ വസീറിസ്താനിലെ പർവതനിരകളായ ബദർ പ്രദേശത്ത് വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സൈനികർക്കു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രൂക്ഷമായ വെടിെവപ്പിനെ തുടർന്നുള്ള ഏറ്റുമുട്ടലിൽ 12 സൈനികരും 13 താലിബാനികളും കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. കുറഞ്ഞത് നാല് പേർക്ക് പരിക്കേറ്റു.
പുലർച്ചെയുള്ള ആക്രമണത്തിനുശേഷം മണിക്കൂറുകളോളം ഹെലികോപ്ടറുകളെ ആകാശത്ത് വട്ടമിട്ടതായും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതും അക്രമികളെ തിരയുന്നതും കണ്ടതായും പ്രദേശവാസികൾ പറഞ്ഞു. സാധാരണയായി സൈനിക വാഹനവ്യൂഹങ്ങൾ ഈ മേഖലയിലൂടെ നീങ്ങുന്നതിന് മുമ്പ് കർഫ്യൂ ഏർപ്പെടുത്താറുള്ളതാണ്.
2021ൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം പാകിസ്താനിലെ അവരുടെ സംഘം പാക് സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തമാക്കിയതായാണ് റിപ്പോർട്ട്. ഇടക്കാല അഫ്ഗാൻ സർക്കാർ അതിന്റെ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പാകിസ്താനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നത് നിഷേധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പാകിസ്താൻ സൈന്യം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.