ഗസ്സയെ മനുഷ്യത്വരഹിതമായ ആക്രമണം തുടർന്ന് ഇസ്രായേൽ മരുപ്പറമ്പാക്കി മാറ്റുമ്പോൾ ഏറ്റവും കൊടിയ യാതനയനുഭവിക്കുകയാണ് അവിടുത്തെ കുഞ്ഞുങ്ങൾ. കളിചിരിയും കുസൃതികളും നിറയേണ്ട ഗസ്സയിലെ കുഞ്ഞുമനസ്സുകളിൽ ഒരിക്കലും മായാത്ത ഭീതിയും ആഘാതവുമാണ് യുദ്ധം സൃഷ്ടിച്ചത്. ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ 13,000ലേറെ പേരിൽ 5000ലേറെയും കുട്ടികളാണെന്നത് യുദ്ധമുഖത്തെ നടുക്കുന്ന യാഥാർഥ്യമായി അവശേഷിക്കുന്നു.
കൊല്ലപ്പെട്ടവർ മാത്രമല്ല, ഉറ്റവർ കൊല്ലപ്പെട്ട് അനാഥമായ കുഞ്ഞുങ്ങൾ, കൈകാലുകൾ നഷ്ടമായി ശിഷ്ടജീവിതം മുഴുവൻ നരകയാതന അനുഭവിക്കേണ്ട കുഞ്ഞുങ്ങൾ, യുദ്ധത്തിന്‍റെ ആഘാതത്തിൽ നിന്ന് ഒരിക്കലും കരകയറാനാകാതെ മാറാരോഗികളായി മാറുന്ന കുഞ്ഞുങ്ങൾ, അങ്ങനെ ഗസ്സയിലെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതം സങ്കൽപ്പാതീതമാണ്.
ഇസ്രായേൽ ആക്രമണത്തിൽ കണ്ണിന് മാരകമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്‍റെ പിതാവിന്‍റെ ഹൃദയം തകർന്നുള്ള കരച്ചിൽ ഗസ്സയിൽ നിന്ന് കേൾക്കാം. 'ഡോക്ടർ, എന്‍റെ രണ്ടു കണ്ണും എടുത്തോളൂ, എന്നിട്ട് എന്‍റെ മകൾക്ക് കണ്ണുകൾ നൽകൂ' -ഡോക്ടറോട് ആ പിതാവ് പറയുന്നു. ഇരുകണ്ണുകൾക്കും സാരമായി പരിക്കേറ്റ കുഞ്ഞിനെ വടക്കൻ ഗസ്സയിൽ നിന്നും തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു കരളലിയിക്കുന്ന ദൃശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.