'എയ്റ്റ് ബില്യൺ ഡേ'; ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച കുഞ്ഞ് പിറന്നത് മനിലയിൽ

ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച കുഞ്ഞ് പിറന്ന് വീണത് ഫിലിപ്പീൻസിലെ മനിലയിൽ. ഫിലിപ്പീൻസിലെ ഡോ. ജോസ് ഫാബെല്ല മെമ്മോറിയൽ ഹോസ്പിറ്റലിൽ നവംബർ 15ന് പുലർച്ചെ 1.29ഓടെയാണ് ലോകത്തെ മനുഷ്യരെ 800 കോടിയിലെത്തിച്ച പെൺകുഞ്ഞിന്‍റെ ജനനം.

ലോക ജനസംഖ്യ നവംബർ 15ന് 800 കോടി കടക്കുമെന്ന് യു.എന്നിന്‍റെ 'വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസി'ൽ നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ജനസംഖ്യ 800 കോടിയിലെത്തിച്ച വ്യക്തിയെന്ന രേഖകളിൽ ഇടംപിടിക്കുക ഫിലിപ്പീൻസിൽ ജനിച്ച വിനിസ് മബൻസാഗ് എന്ന ഈ പെൺകുഞ്ഞായിരിക്കും.

കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഫിലിപ്പീൻസ് കമീഷൻ ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് കുട്ടിയുടെ ജനനം ആഘോഷമാക്കുകയും ചെയ്തു. കുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ അവർ പങ്കുവെച്ചിട്ടുണ്ട്. "ലോക ജനസംഖ്യ 800 കോടി പിന്നിട്ടിരിക്കുന്നു. മനിലയിലെ ടോണ്ടോയിൽ ജനിച്ച കുഞ്ഞിനെ ലോകത്തെ 800 കോടി ജനസംഖ്യയിലെത്തിച്ച വ്യക്തിയായി സ്വാഗതം ചെയ്യുന്നു"- ഫിലിപ്പീൻസ് കമീഷൻ ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഫേസ്ബുക്കിൽ കുറിച്ചു.

യു.എന്നിന്‍റെ 'വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസി'ലാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് വ്യക്തമാക്കിയത്. എയ്റ്റ് ബില്യൺ ഡേ എന്നാണ് ഈ ചരിത്ര ദിവസത്തെ യു.എൻ വിശേഷിപ്പിച്ചത്. 2030ൽ ലോക ജനസംഖ്യ 8.5 ബില്യൺ ആവുമെന്നും 2050തോടെ ഇത് 900 കോടി കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷത്തോടെ ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തുമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ചൈനയാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം.

ആരോഗ്യമേഖലയിലുണ്ടായ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ആയുർദൈർഘ്യം വർധിക്കുകയും ശിശുമരണ നിരക്ക് കുറയുകയും ചെയ്യുന്ന വിധം പുരോഗതി നേടി. ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Symbolic "Eight Billionth Baby" Born In Manila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.