ചെറിയ സ്വപ്നങ്ങളും പേറി മരണത്തിനും ജീവിതത്തിനുമിടയിൽ കരകാണാകടൽ താണ്ടുന്ന കുടിയേറ്റക്കാരുടെ ജീവിതം ലോകത്തിനു മുന്നിൽ തുറന്നിട്ട് ഹൃദയഭേദകമായ കുറിപ്പ്. മെഡിറ്ററേനിയൻ കടക്കാൻ ശ്രമിക്കവെ ബോട്ട് മുങ്ങി മരിച്ച ഡസൻ കണക്കിനു പേരിൽ ഒരാളായ സുഡാനീസ് കുടിയേറ്റക്കാരൻ എഴുതിയ കത്ത്, മാധ്യമപ്രവർത്തകർ പങ്കിട്ടതിനെത്തുടർന്നാണ് പുറംലോകം വായിച്ചത്.
കത്തിൽ എഴുത്തുകാരൻ തന്റെ അമ്മയോടും സ്നേഹിതയോടും സഹോദരങ്ങളോടും ക്ഷമ ചോദിക്കുന്നു. ചെറുതും എളിമയുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ. അമ്മയുടെ മരുന്നിന്റെ വില, അവരുടെ പല്ലുകൾ ശരിയാക്കൽ, സഹോദരിക്ക് ഒരു പുതിയ ഫോൺ, ബിരുദത്തിനു പഠിക്കുന്ന സഹോദരന് ഒരു ചെറിയ തുക. അത്രമാത്രം!
‘ക്ഷമിക്കണം അമ്മേ, കപ്പൽ ഞങ്ങളെയും കൊണ്ട് മുങ്ങുകയാണ്. എനിക്ക് അവിടെ എത്താൻ കഴിഞ്ഞില്ല. യാത്രക്കായി പലരിൽ നിന്നും കടം വാങ്ങിയ പണം അയക്കാനും കഴിയില്ല’ എന്നു തുടങ്ങുന്നതാണ് കത്തിലെ വരികൾ.
അമ്മേ, അവർ എന്റെ മൃതദേഹം കണ്ടെത്തിയില്ലെങ്കിൽ സങ്കടപ്പെടരുത്. കണ്ടെത്തിയാൽ തന്നെ ഗതാഗതം, ശവസംസ്കാരം, അനുശോചനം എന്നിവയുടെ ചെലവുകളല്ലാതെ നിങ്ങൾക്ക് എന്ത് പ്രയോജനം? ക്ഷമിക്കണം അമ്മേ, മറ്റുള്ളവരെപ്പോലെ എനിക്കും ഇങ്ങനെയൊരു യാത്ര ചെയ്യേണ്ടിവന്നു. എന്റെ സ്വപ്നങ്ങൾ മറ്റുള്ളവരെപ്പോലെ വലുതായിരുന്നില്ല. എന്റെ സ്വപ്നങ്ങൾക്ക് നിങ്ങൾക്കുള്ള ഒരു ബോക്സ് മരുന്നിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങളുടെ പല്ലുകൾ വെക്കുന്നതിനുള്ള വിലയേ ഉണ്ടായിരുന്നുള്ളൂ’.
തുടർന്ന് അദ്ദേഹം തന്റെ കാമുകിയെയും അഭിസംബോധന ചെയ്യുന്നു: ‘എന്റെ പ്രിയേ, ക്ഷമിക്കണം. കാരണം ഞാൻ നിനക്ക് ഒരു മിഥ്യാലോകത്ത് വീട് നിർമിച്ചു നൽകി. നമ്മൾ സിനിമകളിൽ കണ്ടിരുന്നതുപോലെ മനോഹരമായ ഒരു വീട്. എന്നോടു ക്ഷമിക്കൂ, കാരണം ഞാൻ മുങ്ങിയ കടലിന്റെ പേര് എനിക്കറിയില്ല’.
ക്ഷമിക്കണം അനിയാ, ബിരുദം കഴിയും മുമ്പ് നിനക്ക് അയക്കാമെന്ന് പറഞ്ഞിരുന്ന 50 യൂറോ അയക്കാൻ കഴിയാതെ പോയതിൽ. പെങ്ങളേ, നിന്നോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിനക്ക് പുതിയ ഫോൺ വാങ്ങി നൽകാൻ എനിക്ക് കഴിഞ്ഞില്ലല്ലോ...
തുടർന്ന് എഴുത്തുകാരൻ നന്ദിയറിയിച്ചത് തന്നെ ഏറ്റെടുത്ത കടലിനോടാണ്. ‘അഭയകേന്ദ്രമേ, ഞാൻ നിനക്ക് ഒരു ഭാരമാകില്ല എന്നുറപ്പാണ്. വിസയോ പാസ്‌പോർട്ടോ ഇല്ലാതെ ഞങ്ങളെ സ്വാഗതം ചെയ്തതിന് നന്ദി. കടലേ, എന്റെ മാംസം പങ്കിടുന്ന, എന്റെ മതത്തെക്കുറിച്ചോ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചോ എന്നോട് ചോദിക്കാത്ത മത്സ്യങ്ങളേ നിങ്ങൾക്ക് നന്ദി. രണ്ട് ദിവസത്തേക്ക് ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് ഞങ്ങളുടെ മരണവാർത്ത റിപ്പോർട്ട് ചെയ്യുന്ന വാർത്താ ചാനലുകൾക്ക് നന്ദി. വാർത്ത കേൾക്കുമ്പോൾ ഞങ്ങൾക്കുവേണ്ടിയുള്ള നിങ്ങളുടെ ദുഃഖത്തിന് നന്ദി. ഞാൻ മുങ്ങിമരിച്ചതിൽ എനിക്ക് ഖേദമേയില്ല’ എന്ന് പറഞ്ഞുകൊണ്ട് അത് അവസാനിപ്പിക്കുന്നു.
കത്ത് കണ്ടെത്തിയ മാധ്യമപ്രവർത്തകർ എഴുത്തുകാരന്റെ വ്യക്തിത്വം വെളിപ്പെടുത്തിയില്ല. ‘പരിഷ്‌കൃത ലോകത്തിനുള്ള ഒരു സമ്മാനം’ എന്ന് ഒരാൾ അതിനെ വിശേഷിപ്പിച്ചു. ‘അദ്ദേഹം മരണത്തിൽ നിന്ന് ഓടിപ്പോയി. അതിനാൽ കടൽ അദ്ദേഹത്തെ ആശ്ലേഷിച്ചു. വായിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. പക്ഷേ കരയരുത്’ എന്ന് ആമുഖക്കുറിപ്പെഴുതിയാണ് ആ കത്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
ബോട്ട് മുങ്ങുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിലാണ് കത്ത് എഴുതിയതെന്ന് കരുതുന്നു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ റിപ്പോർട്ട് പ്രകാരം, ലിബിയയിലെ ടോബ്രൂക്കിൽ നിന്ന് ഗ്രീസിലേക്കുള്ള യാത്രക്കിടെ 75 ഓളം സുഡാനീസ് കുടിയേറ്റക്കാരുമായി ഒരു ബോട്ട് മറിയുകയുണ്ടായി. കാർത്തൂമിന്റെ കിഴക്കൻ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ നിന്നുള്ള കുറഞ്ഞത് 52 പേർ മുങ്ങിമരിച്ചു. യു.എൻ അഭയാർഥി ഏജൻസിയുടെ കണക്കനുസരിച്ച് 74 യാത്രക്കാർ അതിൽ ഉണ്ടായിരുന്നു. അതിൽ 13 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.