സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ

ഖാർത്തൂം: ആഭ്യന്തര സംഘർഷത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ട സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുന്നതിനിടെയാണ് വെടിനിർത്തൽ നടപ്പാക്കിയത്. യു.എസിന്‍റെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ഇരു പക്ഷവും ധാരണയായത്. തിങ്കളാഴ്ച അർധ രാത്രി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.

ആഭ്യന്തരസംഘർഷം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര സംഘർഷത്തിൽ 427 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ റിപ്പോർട്ട്. 3700ൽ അധികം പേർക്ക് പരിക്കേൽക്കുകയും നിരവധി പേർ ഭവന രഹിതരാവുകയും ചെയ്തു. ഈജിപ്ത് നയതന്ത്ര ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

സംഘർഷം അതി രൂക്ഷമാവുകയും ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ ജനം കുടുങ്ങിക്കിടക്കുകയും ചെയ്തതോടെ വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ സുഡാന് മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ചയാണ് വിദേശ രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിച്ചുതുടങ്ങിയത്. ഇതിനകം 4000 വിദേശികളെ ഒഴിപ്പിച്ചതായാണ് കണക്ക്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ നിന്നുള്ള സുഡാൻ പൗരൻമാരും ചാദ്, ഈജിപ്ത്, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടതായും യു.എൻ വ്യക്തമാക്കി.

സുഡാനിൽ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുകയാണ്. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും.അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐ.എൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും.

സുഡാനിലെ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഖാർത്തൂമിലെ ഫ്ലാറ്റിന്‍റെ ബേസ്‌മെന്‍റിലായിരുന്നു കഴിഞ്ഞ ഒൻപത് ദിവസം ഇവർ കഴിഞ്ഞിരുന്നത്. 

Tags:    
News Summary - Sudan Rivals Agree On 72-Hour Ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.