ഫലസ്തീൻ അനുകൂല നിലപാട്: ബിരുദം തടഞ്ഞതിൽ പ്രതിഷേധിച്ച് ​തെരുവിലിറങ്ങി ചിക്കാഗോ യൂനിവേഴ്സിറ്റി വിദ്യാർഥികൾ

വാഷിങ്ടൺ: ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ നിന്നും വിട്ടുനിന്ന് വിദ്യാർഥികൾ. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ചും ചില വിദ്യാർഥികളുടെ ബിരുദം തടഞ്ഞുവെച്ചതിനെതിരെയുമായിരുന്നു ചിക്കഗോ യൂനിവേഴ്സിറ്റിയിലെ പ്രതിഷേധം. ചടങ്ങിൽ നിന്നും ഇറങ്ങി​വന്ന വിദ്യാർഥികൾ തെരുവിൽ പ്രതിഷേധിക്കുകയായിരുന്നു.

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് മുദ്രവാക്യം വിളിച്ച് തെരുവിലിറങ്ങിയ വിദ്യാർഥികൾ ഇതുമായി ബന്ധപ്പെട്ട് പരിപാടിയും സംഘടിപ്പിച്ചു. ഫലസ്തീൻ പതാകകളുമായാണ് വിദ്യാർഥികൾ ചിക്കാഗോയിലെ തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്.

കഴിഞ്ഞ ദിവസമാണ് യൂനിവേഴ്സിറ്റിയിലെ നാല് വിദ്യാർഥികൾക്ക് തങ്ങളുടെ ബിരുദം തടഞ്ഞുവെച്ചിരിക്കുകയാണെന്ന അറിയിപ്പ് ലഭിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു ഇത്തരത്തിൽ ബിരുദം തടഞ്ഞുവെച്ചതെന്ന് ഇവരെ അറിയിച്ചതായി യൂനിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല വിദ്യാർഥി കൂട്ടായ്മ അറിയിച്ചു. തങ്ങളുടെ ബിരുദത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഫലസ്തീനിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് വിഷയമെന്നും വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, ഫലസ്തീന് പിന്തുണയറിയിച്ച് ബിരുദദാന ചടങ്ങിൽ നിന്നും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ ഇറങ്ങി വന്നിരുന്നു.

ഫലസ്തീൻ അനുകൂല മുദ്രവാക്യം വിളിച്ച് ഇറങ്ങിവന്ന വിദ്യാർഥികൾ മസാച്ചുസെറ്റ്സ് അവന്യുവിൽ ട്രാഫിക് ബ്ലോക്ക് ചെയ്ത് ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തി. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് 15 മിനിറ്റോളം ബിരുദദാന ചടങ്ങ് തടസപ്പെട്ടു. കഫീയ്യ ധരിച്ചാണ് പല വിദ്യാർഥികളും ചടങ്ങിന് വേണ്ടി എത്തിയത്.

ഇസ്രായേൽ പ്രതിരോധമന്ത്രാലയവുമായി ചേർന്ന് വിദ്യാഭ്യാസസ്ഥാപനം ഗവേഷണം നടത്തുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാരിലൊരാളായ ഡേവിങ് ബെർകിൻസ്കി പറഞ്ഞു. ഗസ്സയിൽ ബിരുദദാരികളില്ല. ഒരു യൂനിവേഴ്സിറ്റി പോലും ഗസ്സയിൽ അവശേഷിക്കുന്നില്ല. എല്ലാം ഇസ്രായേൽ ബോംബിട്ട് തകർത്തുവെന്ന് കെമിസ്ട്രിയിൽ ഗവേഷണ ബിരുദം നേടിയ ഡേവിങ് ബെർകിൻസ്കി കൂട്ടിച്ചേർത്തു. നേരത്തെയും യുനിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടന്നിരുന്നു.

Tags:    
News Summary - Students walk out of University of Chicago graduation over Israel policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.