ന്യൂയോർക്: ഹമാസ് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയ ഹാർവാഡ് സർവകലാശാല വിദ്യാർഥികൾക്കെതിരെ ഭീഷണി. ഇവരുടെ പേരുകളും ഫോട്ടോയും പ്രദർശിപ്പിച്ച് കാമ്പസിന് പുറത്ത് ട്രക് സഞ്ചാരം നടത്തി.
ഹാർവാഡ് ഫലസ്തീൻ ഐക്യദാർഢ്യ ഗ്രൂപ്പാണ് ഈയാഴ്ച ആദ്യം പ്രസ്താവന പുറപ്പെടുവിച്ചത്. അതേസമയം, സർവകലാശാലക്ക് അകത്തുനിന്നും പുറത്തുനിന്നും രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിൽ ചില വിദ്യാർഥികൾ പ്രസ്താവനയിൽനിന്ന് പേര് പിൻവലിച്ചിട്ടുണ്ട്. ഒപ്പുവെക്കുന്നതിന് മുമ്പ് പ്രസ്താവന വായിച്ചിരുന്നില്ലെന്ന് ചിലർ പറഞ്ഞു.
‘ഹാർവാഡിലെ പ്രമുഖ സെമിറ്റിക് വിരുദ്ധർ’ എന്നെഴുതിയ തലക്കെട്ടിന് താഴെ വിദ്യാർഥികളുടെ ഫോട്ടോയും പേരും ചേർത്ത പരസ്യബോർഡാണ് ട്രക്കിൽ പ്രദർശിപ്പിച്ചിരുന്നത്.
വിദ്യാർഥികളുടെ പ്രസ്താവനയെ ശക്തമായി എതിർക്കുമ്പോഴും ഭയപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സർവകലാശാലയിലെ ജൂത വിദ്യാർഥികളുടെ സംഘടനയായ ഹില്ലേൽ വ്യക്തമാക്കി. അതേസമയം, പ്രസ്താവനയിൽ ഒപ്പുവെച്ചവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പേരുകളും ചിത്രങ്ങളും പരസ്യപ്പെടുത്തിയതിനെതിരെ ഹാർവാഡിലെ ലീഗൽ സ്കോളറായ ലോറൻസ് ട്രൈബും രംഗത്തെത്തി. അപകടകരമായ പ്രവണതയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.