ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

കൊളംബോ: ശ്രീലങ്കയിൽ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് മൂന്നുപേർ. പ്രധാനമന്ത്രിയും ഇടക്കാല പ്രസിഡന്റുമായ റനിൽ വിക്രമസിംഗെ, ഭരണകക്ഷിയായ എസ്‌.എൽ.പി.പി വിമതൻ ഡള്ളസ്‌ അലഹപെരുമ, ജനത വിമുക്തി പെരമുന നേതാവ്‌ (ജെ.വി.പി) അനുര കുമാര ദിസനായകെ എന്നിവരാണ് മത്സര രംഗത്തുള്ളത്. അതേസമയം, ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പിന്മാറി. തെരഞ്ഞെടുപ്പിൽ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രേമദാസയുടെ പിന്മാറ്റം. പ്രേമദാസയുടെ എസ്.ജെ.ബി പാർട്ടിക്ക് പാർലമെന്റിൽ 50 അംഗങ്ങളാണുള്ളത്.

റനിൽ വിക്രമസിംഗെയും ഡള്ളസ്‌ അലഹപെരുമയും തമ്മിലാണ് കടുത്ത മത്സരം. 225 അംഗ പാർലമെന്റിൽ ഭരണകക്ഷിയായ എസ്.എൽ.പി.പിക്കാണ് ഭൂരിപക്ഷം. പാർട്ടിക്ക് നൂറോളം അംഗങ്ങളുണ്ട്. അലഹപെരുമയെ പ്രസിഡന്റായും പ്രേമദാസയെ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കാൻ പാർട്ടി എം.പിമാർ തയാറാണെന്ന് എസ്.എൽ.പി.പി ചെയർമാൻ പെയിരിസ് പറഞ്ഞു. 44 വർഷത്തിന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റിനെ പാർലമെന്റ് തെരഞ്ഞെടുക്കുന്നത്. പുതിയ പ്രസിഡന്റിന് 2024 നവംബർവരെ കാലാവധിയുണ്ടാകും. വിക്രമസിംഗെയുടെ പാർട്ടിക്ക് അദ്ദേഹം മാത്രമാണ് പാർലമെന്റിലെ അംഗമായുള്ളത്.

ഗോടബയ രാജപക്സ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. സിംഗപ്പൂരിൽനിന്ന് ഇ-മെയിലിലാണ് ഗോടബയ രാജിക്കത്ത് പാർലമെന്റ് സ്പീക്കർക്ക് അയച്ചു കൊടുത്തത്. ഇതേ തുടർന്നാണ് ആക്ടിങ് പ്രസിഡന്റായ റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റനിൽ വിക്രമസിംഗെ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Sri Lankan presidential election today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.