ശ്രീലങ്കൻ പ്രതിസന്ധി: കുറ്റസമ്മതവുമായി ഗോടബയ

കൊളംബോ: ശ്രീലങ്കയെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സമ്മതിച്ച് പ്രസിഡന്റ് ഗോടബയ രാജപക്സ. പുതുതായി നിയമിച്ച 17 മന്ത്രിമാരുമായി സംസാരിക്കവെയാണ് പ്രസിഡന്റിന്റെ കുറ്റസമ്മതം. കഴിഞ്ഞ രണ്ടരവർഷം നമുക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നു. കോവിഡ് മഹാമാരിയും കടബാധ്യതയും പുറമെ, നമുക്കുതന്നെ പറ്റിയ ചില പാളിച്ചകളും - രാജപക്സ പറഞ്ഞു. അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം. വായ്പാ പ്രതിസന്ധി പരിഹരിക്കാൻ സഹായം തേടി നേരത്തേ ഐ.എം.എഫിനെ സമീപിക്കേണ്ടതായിരുന്നു. സമ്പൂർണമായും ജൈവകൃഷി അവലംബിക്കുന്ന രാജ്യമായി മാറുന്നതിനായി രാസവളം നിരോധിക്കേണ്ടിയിരുന്നില്ല. വലിയ തുകകൊടുത്ത് അവശ്യവസ്തുക്കൾ വാങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്ന ജനം പ്രകടിപ്പിക്കുന്ന വേദനയും രോഷവും നീതീകരിക്കാവുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, സർക്കാർ വിരുദ്ധ പ്രക്ഷോഭം ഉച്ഛസ്ഥായിയിൽ എത്തിയ രാജ്യത്ത് പ്രസിഡന്റിന്റെ അധികാരങ്ങൾ കുറക്കാനും പാർലമെന്റിന് കൂടുതൽ അധികാരം നൽകാനുമുള്ള നിർദേശം പ്രധാനമന്ത്രി മഹിന്ദ രാജപക്സ മുന്നോട്ടുവെച്ചു. ഉറച്ച സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അടിത്തറയിലാകണം പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്ന് സിംഹള-തമിഴ് പുതുവത്സര ദിനത്തിന്റെ പിറ്റേന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടന മാറ്റം നിർബന്ധമാണെന്ന് ഞാൻ കരുതുന്നു. 19ാം ഭേദഗതി ആവശ്യമായ മാറ്റങ്ങളോടെ കൊണ്ടുവരുന്നതാകും ഇപ്പോഴത്തെ സാഹചര്യം അതിജീവിക്കാനുള്ള ആദ്യവഴി -പ്രധാനമന്ത്രി തുടർന്നു. 2015ലാണ് പ്രസിഡന്റിന്റെ അധികാരം വെട്ടിച്ചുരുക്കുന്ന 19 എ ഭേദഗതി കൊണ്ടുവന്നത്. മഹിന്ദയുടെ സഹോദരൻ ഗോടബയ 2019ൽ പ്രസിഡന്റ് ആയപ്പോൾ ഇത് റദ്ദാക്കി. പ്രസിഡന്റിന്റെ അധികാരം കുറക്കാനുള്ള നിർദേശം മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്വാഗതം ചെയ്തു.  

Tags:    
News Summary - Sri Lanka crisis: Godabaya confesses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.