ഫലസ്തീന്‍ പതാകയുടെ നിറമുള്ള വേഷം ധരിച്ചതിന് ഡച്ച് എം.പിയോട് പുറത്തുപോകാന്‍ സ്പീക്കര്‍; മടങ്ങിവന്നത് തണ്ണിമത്തന്‍ നിറത്തിലുള്ള വസ്ത്രമണിഞ്ഞ്

ആംസ്റ്റര്‍ഡാം: ഫലസ്തീന്‍ പതാകയുമായി സാദൃശ്യമുള്ള വസ്ത്രം ധരിച്ച്  പാർലമെന്റിലെത്തിയ ഡച്ച് എം.പി എസ്തര്‍ ഔവഹാൻഡി​നോട് പുറത്തുപോവാൻ കൽപിച്ച് സ്പീക്കർ.

വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലേക്കാണ് എസ്തര്‍ ഫലസ്തീന്‍ പതാകയിലെ നിറങ്ങളുള്ള ഷര്‍ട്ട് ധരിച്ചെത്തിയത്. പാര്‍ലമെന്റില്‍ നടന്ന ബജറ്റ് ചര്‍ച്ചക്കിടെ എസ്തര്‍ സഭാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങിയതോടെ പാര്‍ലമെന്റ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ അതൃപ്തി അറിയിച്ചു.

ഒന്നിലധികം തവണ എസ്തറിന്റെ പ്രസംഗം സ്പീക്കര്‍ തടസ്സപ്പെടുത്തുകയുണ്ടായി. ഈ വസ്ത്രം ധരിച്ചുകൊണ്ട് സഭയില്‍ നില്‍ക്കാനാകില്ലെന്നും വസ്ത്രം മാറ്റി വരൂ എന്നും സ്പീക്കർ ആവശ്യപ്പെട്ടു. സഭയില്‍ എം.പിമാര്‍ നിഷ്പക്ഷ വസ്ത്രം ധരിക്കണമെന്നും അറിയിച്ചു. സഭയിലെ മറ്റ് അംഗങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടായപ്പോൾ എസ്തറിനെ പുറത്താക്കാന്‍ സ്പീക്കർ നിര്‍ബന്ധിതനായി.

തുടർന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയ എസ്തര്‍ ഗസ്സയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാഢ്യം അറിയിച്ച് വീണ്ടും രംഗത്തെത്തുകയായിരുന്നു. ഫലസ്തീന്‍ പ്രതീകമായ തണ്ണിമത്തന് സമാനമായ മറ്റൊരു ഷര്‍ട്ട് ധരിച്ചാണ് എസ്തര്‍ വീണ്ടും സഭയിലെത്തിയത്. തുടര്‍ന്ന് നാഷണല്‍ ബജറ്റിലെ തന്റെ നിലപാടുകള്‍ എസ്തര്‍ അവതരിപ്പിച്ചു.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പി.വി.വി (പാര്‍ട്ടി ഫോര്‍ ഫ്രീഡം)യില്‍ നിന്നുള്ള നേതാവാണ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ. നിലവില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഡച്ച് എം.പിയുടെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഈ വിഡിയോ പങ്കുവെച്ചുകൊണ്ട് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നത്. ധീരമായ നീക്കമാണ് എസ്തര്‍ നടത്തിയതെന്ന് സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടു. എന്നാൽ, ചിലര്‍ ധിക്കാരമെന്നും പ്രതികരിച്ചു. ഫലസ്തീന്‍ സംസ്‌കാരത്തിന്റേയും ശക്തമായ പ്രതിഷേധത്തിന്റേയും മുഖമുദ്രയായിട്ടാണ് തണ്ണിമത്തനെ കണക്കാക്കുന്നത്.

ഗസ്സയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന തണ്ണിമത്തനില്‍ ഫലസ്തീന്‍ പതാകയിലുള്ള എല്ലാ നിറങ്ങളുമുണ്ട്. ചുവപ്പ്, കറുപ്പ്, പച്ച, വെള്ള എന്നീ നിറങ്ങളാണ് തണ്ണിമത്തനിലും ഫലസ്തീന്‍ പതാകയിലും ഒരുപോലെ കാണാനാകുക.

Tags:    
News Summary - Speaker tells Dutch MP to leave for wearing Palestinian flag-colored dress; later re-enters wearing watermelon-colored dress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.