വരുതിയിലായെന്ന് കരുതിയ വൈറസ് രണ്ടാംവരവിന്; ദക്ഷിണ കൊറിയക്ക് ആശ്വസിക്കാൻ വകയില്ല

സിയോൾ: കോവിഡ് ഗ്രാഫ് നേരെയായെന്നും വൈറസ് വരുതിയിലായെന്നും ആശ്വസിച്ച ദക്ഷിണ കൊറിയയെ ഞെട്ടിച്ച് രോഗബാധിതരുടെ എണ്ണത്തിൽ ഏതാനും ദിവസങ്ങളായി വൻ വർധനവ്. ഏപ്രിൽ മാസം അവസാനത്തിൽ പ്രതിദിനം അഞ്ചും പത്തും കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത രാജ്യത്ത് കഴിഞ്ഞ ദിവസം 279 പേർക്കാണ് വൈറസ് ബാധയുണ്ടായത്.

34, 56, 103, 166, 279 എന്നിങ്ങനെയാണ് അവസാന അഞ്ച് ദിവസത്തെ കോവിഡ് കണക്ക്. ഇരട്ടിയോളമുള്ള വർധനവിൽ പകച്ചിരിക്കുകയാണ് കൊറിയക്കാർ. ഇതിന് മുമ്പ് അവസാനമായി മാർച്ച് എട്ടിനാണ് പ്രതിദിന കോവിഡ് കേസുകൾ 300ന് മുകളിലേക്ക് കടന്നത്.

ചൈനക്ക് പുറത്തേക്ക് കോവിഡ് വ്യാപിച്ച ആദ്യഘട്ടതിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. പിന്നീട്, കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇവർ വൈറസിനെ തളക്കുന്ന കാഴ്ചയാണ് കണ്ടത്.

മെയ് ആദ്യത്തോടെ കോവിഡ് കേസുകൾ സ്ഥിരമായി കുറഞ്ഞ നിലയിൽ തുടർന്നിരുന്നു. കോവിഡിനെതിരെ വിജയകരമായി പോരാടിയ രാജ്യങ്ങളുടെ പട്ടികയിൽ ദക്ഷിണ കൊറിയ ഇടംപിടിക്കുകയും ചെയ്തു. നേട്ടങ്ങളെ തകർത്തുകൊണ്ടുള്ള വൈറസിന്‍റെ രണ്ടാംവരവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ഭരണകൂടം.

15,318 പേർക്കാണ് രാജ്യത്ത് ആകെ രോഗം ബാധിച്ചത്. 305 പേർ മരിച്ചു. 13,910 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, കോവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ട ന്യൂസിലാൻഡിലും വൈറസ് രണ്ടാംവരവ് നടത്തിയിട്ടുണ്ട്. രോഗബാധയില്ലാത്ത 102 ദിവസങ്ങൾക്കൊടുവിലാണ് നാല് കേസുകൾ സ്ഥിരീകരിച്ചത്. പിന്നാലെ 14 പേർക്ക് കൂടി രോഗം ബാധിച്ചതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.