വാഷിങ്ടൺ: ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി വിജയിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്ത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം. എന്നാൽ നമുക്ക് തുടങ്ങാമെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. മംദാനിക്കെതിരെ ശക്തമായ വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. മേയറായി ജയിച്ചതിന് പിന്നാലെ ട്രംപിന് മറുപടിയുമായി സൊഹ്റാൻ മംദാനി രംഗത്തെത്തിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെയും വെല്ലുവിളികളെയും മലർത്തിയടിച്ച് ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശക്തമായ മറുപടിയുമായി സൊഹ്റാൻ മംദാനി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ, നടന്ന ആദ്യ വിജയാഘോഷ പ്രസംഗത്തിൽ തന്നെ പ്രസിഡന്റിനുളള മറുപടി നൽകിയായിരുന്നു ന്യുയോർക്ക് നഗരത്തിന്റെ നിയുക്ത മേയറുടെ നേരിട്ടുള്ള മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കടുത്ത വിദ്വേഷവും വിമർശനവുമായി പിന്തുടർന്ന ഡോണൾഡ് ട്രംപിനോട് കൂടുതൽ ഉറക്കെ ശബ്ദിക്കൂ എന്നായിരുന്നു മംദാനിയുടെ മറുപടി.
‘ട്രംപ്, ഇതെല്ലാം നിങ്ങൾ കാണുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളോട് നാല് വാക്കുകളേ ഇപ്പോൾ പറയാനുള്ളൂ. ശബ്ദം കൂടുതൽ ഉയർത്തുക’ -വിജയ കുറിച്ച രാത്രിയിൽ അനുയായികളുടെ ആഘോഷങ്ങൾക്കിടയിൽ സൊഹ്റാൻ മംദാനി പറഞ്ഞു.
ട്രംപ് ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാർക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും അനുവദിച്ച അഴിമതി സംസ്കാരം അവസാനിപ്പിക്കുമെന്നും പ്രഥമ പ്രഭാഷണത്തിൽ മംദാനി തുറന്നടിച്ചു.അമേരിക്കയുടെ രാഷ്ട്രീയ അന്ധതക്കിടയിൽ വെളിച്ചം പകരുന്നതാണ് ന്യൂയോർക്കിൽ നിന്നുള്ള ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.