ടോക്കിയോ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയെയും വിലയെയും സാരമായി ബാധിക്കുന്നു. മഷി നിർമാണത്തിന് ആവശ്യമായ പദാർത്ഥങ്ങളുടെ ക്ഷാമത്തെത്തുടർന്ന് ജപ്പാനിലെ പ്രമുഖ സ്നാക്സ് കമ്പനിയായ കാൽബീ (Calbee) തങ്ങളുടെ പ്രശസ്തമായ ഉൽപ്പന്നങ്ങളുടെ പാക്കിങ് താൽക്കാലികമായി കറുപ്പും വെളുപ്പും നിറത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.
ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ പെട്രോളിയം ഉപോൽപ്പന്നമായ നാഫ്തയുടെ വിതരണം ആഗോളതലത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്. മഷിയും പ്ലാസ്റ്റിക്കും നിർമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് നാഫ്തയാണ്. ഇതിന്റെ വില ഏഷ്യൻ വിപണിയിൽ ഇരട്ടിയായി വർധിച്ചതോടെയാണ് മഷിയുടെ ഉപയോഗം കുറക്കാൻ പാക്കറ്റുകളുടെ ഡിസൈൻ മാറ്റാൻ കാൽബീ നിർബന്ധിതരായത്. മെയ് 25 മുതൽ ജപ്പാനിലെ കടകളിൽ പുതിയ ഡിസൈനിലുള്ള പാക്കറ്റുകൾ എത്തും.
ഇറാൻ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ എണ്ണ, ഗ്യാസ് വിലകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാൻ തങ്ങളുടെ നാഫ്ത ആവശ്യകതയുടെ 40 ശതമാനത്തോളവും ആശ്രയിച്ചിരുന്നത് പശ്ചിമേഷ്യയേയായിരുന്നു. നിലവിലെ സാഹചര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് നാഫ്ത എത്തിക്കാനുള്ള ശ്രമത്തിലാണ് ജപ്പാൻ സർക്കാർ. യുദ്ധം സ്നാക്സ് പാക്കറ്റുകളെ മാത്രമല്ല, പല മേഖലകളെയും ഇതിനോടകം ബാധിച്ചു കഴിഞ്ഞു:
പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെ ക്ഷാമം കാരണം ജപ്പാനിലെ മറ്റൊരു ഭക്ഷ്യ കമ്പനിയായ 'മിസ്കാൻ' (Mizkan) ചില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവെക്കുകയും വില വർധിപ്പിക്കുകയും ചെയ്തു. ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികൾ അസംസ്കൃത വസ്തുക്കളുടെ വിലവർധനവ് കാരണം ലാഭവിഹിതത്തിൽ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ജെറ്റ് ഇന്ധനത്തിന്റെ വില കുതിച്ചുയർന്നതോടെ ലോകമെമ്പാടുമുള്ള പല എയർലൈനുകളും സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഫാഷൻ ബ്രാൻഡായ 'നെക്സ്റ്റ്' (Next) യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 8% വരെ വില വർധിപ്പിച്ചിട്ടുണ്ട്.
ഇന്ധനത്തിനും ഊർജ്ജത്തിനും പുറമെ ഏഷ്യൻ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെയും ഈ യുദ്ധം സാരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക്, ഹീലിയം തുടങ്ങിയവയുടെ വിതരണം നിലക്കുന്നത് വ്യവസായ ശാലകളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുകയും ഇത് സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.