Dawoud Abu Alkas/Reuters

ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതി തുടങ്ങിയിട്ട് ആറു മാസം; നെതന്യാഹുവിനെതിരെ ഇസ്രായേലിലും വ്യാപക പ്രക്ഷോഭം

ഗസ്സ സിറ്റി: ഫലസ്തീൻ പ്രദേശമായ ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ നടത്തുന്ന ആ​ക്ര​മ​ണം ആറു മാസം പിന്നിട്ടിട്ടും തു​ട​രു​ക​യാ​ണ്. ഗ​സ്സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 33,137 ആ​യി. പ​രി​ക്കേ​റ്റ​വ​ർ 75,815 ക​വി​ഞ്ഞു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46 ഫ​ല​സ്തീ​നി​ക​ളാണ് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടത്. 65 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 13,000ലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 456 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4650 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1.7 ദശലക്ഷം ഫലസ്തീനികളാണ് ഗസ്സയിൽ നിന്ന് പലായനം ചെയ്യപ്പെട്ടത്. ഇത് ജനസംഖ്യയുടെ 70 ശതമാനം വരും.

ഗസ്സ മുനമ്പിലെ 55.9 ശതമാനം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടു. തകർക്കപ്പെട്ടതിൽ 60 ശതമാനത്തിലധികവും ഭവനങ്ങളാണ്. 90 ശതമാനത്തോളം സ്കൂൾ കെട്ടിടങ്ങളും തകർന്നു.

1.1 ദശലക്ഷം ജനങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി യു.എൻ ചൂണ്ടിക്കാട്ടുന്നു. വടക്കൻ ഗസ്സയിലെ രണ്ട് വയസിന് താഴെ പ്രായമുള്ള 31 ശതമാനം കുട്ടികൾ പോ​ഷ​കാ​ഹാ​ര​ക്കു​റ​വിന്‍റെ പിടിയിലാണ്. ഗസ്സയിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഇല്ലാതായി. 227 മുസ് ലിം പള്ളികളും 3 ക്രൈസ്തവ ദേവാലയങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തരിപ്പണമായി.

അതേസമയം, ആ​ഴ്ച​ക​ൾ കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന ഉ​റ​പ്പു​മാ​യി തു​ട​ങ്ങി​യ ഗ​സ്സ ആ​ക്ര​മ​ണം എ​ങ്ങു​മെ​ത്താ​തെ തു​ട​രു​ന്ന​തി​നി​ടെ ബ​ന്ദി മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടും പ്രധാനമന്ത്രി നെ​ത​ന്യാ​ഹു​വി​ന്റെ രാ​ജി​ക്ക് സ​മ്മ​ർ​ദം ചെ​ലു​ത്തി​യും ഇ​സ്രാ​യേ​ലി​ൽ പ്ര​ക്ഷോ​ഭം പ​ട​രു​കയാണ്. രാജ്യത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ബന്ദികളുടെ കുടുംബാംഗങ്ങൾ അടക്കം ആ​യി​ര​ങ്ങ​ളാണ് തെരുവിലിറങ്ങുന്നത്. ശനിയാഴ്ച ടെൽ അവീവ്, സിസേറിയ, ഹൈഫ നഗരങ്ങൾ വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഫലസ്തീന്‍റെ സ്വതന്ത്ര്യം ആവശ്യപ്പെട്ട് ലോകരാജ്യങ്ങളിലും ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാണ്.

അതിനിടെ, ഹമാസിന്‍റെ തിരിച്ചടിയിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. തെക്കൻ ഗസ്സ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ സ്ക്വാഡ് കമാൻഡർ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ടത് 604 ഇസ്രായേൽ സൈനികരാണ്. ഇവരിൽ 268 പേർ ഒക്ടോബർ 26ന് തുടങ്ങിയ കരയാക്രമണത്തിന് ശേഷമാണ് കൊല്ലപ്പെട്ടത്.

വർഷങ്ങൾ നീണ്ട അധിനിവേശത്തിനും അക്രമണത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും മറുപടിയായാണ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നുകയറി ഹമാസ് തിരിച്ചടിച്ചത്. ഇസ്രായേൽ പ്രദേശത്ത് ഹമാസ് നടത്തിയ തിരിച്ചടിയിൽ 1139 ഇസ്രായേലികൾ കൊല്ലപ്പെടുകയും 8730 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, 250 പേരെ ഗസ്സയിലേക്ക് ഹമാസ് കടത്തികൊണ്ടു പോവുകയും ചെയ്തു. ഇതിൽ 130 പേർ ഇപ്പോഴും ഹമാസിന്‍റെ കേന്ദ്രത്തിലാണ് കഴിയുന്നത്. അതേസമയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും ഓപറേഷനുകളിലും 33 പേർ മരിച്ചു.

Tags:    
News Summary - Six months since the start of the Israeli massacre in Gaza; Widespread protests against Netanyahu in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.