റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുകയറി; ആറ് ആനകൾക്ക് ദാരുണാന്ത്യം, ട്രെയിൻ പാളംതെറ്റി

കൊളംബോ: ശ്രീലങ്കയിൽ റെയിൽപാളം മുറിച്ച് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറി ആറ് ആനകൾക്ക് ദാരുണാന്ത്യം. തലസ്ഥാനമായ കൊളംബോയുടെ പടിഞ്ഞാറ് ഭാഗത്ത് ഹബറാനയിൽ വ്യാഴാഴ്ചയാണ് സംഭവം. ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ ട്രെയിൻ പാളം തെറ്റുകയും ചെയ്തു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. വന്യമൃഗങ്ങൾക്ക് പരിക്കേറ്റതിൽ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ പരിക്കേറ്റ രണ്ട് കാട്ടാനകൾ ചികിത്സയിൽ തുടരുകയാണ്. ട്രെയിനുകൾ ഇടിച്ച് ആനകൾക്ക് പരിക്കുകൾ ഏൽക്കുന്നതും ചെരിയുന്നതും ശ്രീലങ്കയിൽ സാധാരണമാണ്. മനുഷ്യ വന്യജീവി സംഘർഷങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 170 ആളുകളും 500 ആനകളുമാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 ആനകൾ ട്രെയിൻ തട്ടിയാണ് ചെരിഞ്ഞത്. വനമേഖലയിലെ കൈയേറ്റങ്ങൾ ഏറുന്നതിന് പിന്നാലെയാണ് ജനവാസ മേഖലയിലേക്ക് കാട്ടാനകൾ പതിവായി എത്തുന്നതിന് കാരണമായി പറയുന്നത്.

വനമേഖലയിലുള്ള റെയിൽ പാതകളിൽ ട്രെയിനിന്റെ സ്പീഡ് നിയന്ത്രിക്കാനും ഹോൺ മുഴക്കണമെന്നും ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2018ൽ ഗർഭിണിയായ ആനയും രണ്ട് കുഞ്ഞുങ്ങളും ഹബാരനയിൽ ട്രെയിൻതട്ടി ചെരിഞ്ഞിരുന്നു. 7000 ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് കണക്ക്. ബുദ്ധമത ഭൂരിപക്ഷ മേഖലയിൽ ആനകൾ നിയമപ്രകാരം സംരക്ഷിത ജീവിയാണ്. കാട്ടാനകളെ കൊല്ലുന്നതിന് വലിയ ശിക്ഷയാണ് ശ്രീലങ്കയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. 

Tags:    
News Summary - Six elephants killed after passenger train collides with wild herd in Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.