സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽപ്പെട്ട് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ 10,000 ഡോളർ നഷ്ടപരിഹാരവുമായി കമ്പനി

ന്യൂഡൽഹി: സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽപ്പെട്ട് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നഷ്ടപരിഹാരവുമായി വിമാന കമ്പനി. ചെറിയ പരിക്കേറ്റവർക്ക് 10,000 ഡോളറും പരിക്ക് ഗുരുതരമായവർക്ക് ആദ്യ ഗഡുവായി 25,000 ഡോളറുമാണ് നൽകുക. കൂടുതൽ ചികിത്സ വേണ്ടവർക്ക് നഷ്ടപരിഹാര പാ​ക്കേജ് ചർച്ച ചെയ്യാൻ പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നിരക്ക് പൂർണമായി തിരിച്ചുനൽകും. യാത്രക്കാരിൽ 12 പേർ ഇപ്പോഴും ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777-300ഇആര്‍ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 211-യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.

ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അപകടം ഒരു മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. മരിച്ചവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സിംഗപ്പൂർ എയർലൈൻസിന് വേണ്ടി എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന്' ഗോ ചൂൻ ഫോങ് പറഞ്ഞു.

യാത്രക്കാർക്കുണ്ടായ ആഘാതത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ എല്ലാ സഹായവും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 79 യാത്രക്കാരും ആറ് ജീവനക്കാരും ഇപ്പോഴും ബാങ്കോക്കിലാണ്. ഇതിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഉൾപ്പെടുന്നു. അന്വേഷണത്തിൽ ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണമായി സഹകരിക്കുന്നുവെന്നും ഫോങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Singapore Airlines offers up to $25,000 to flyers for turbulence that killed one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.