ഇസ്രായേൽ സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികൾക്കൊപ്പം ഇനി പ്രവർത്തിക്കില്ല; ഷിപ്പിങ് ഭീമനായ മെഴ്‌സ്ക്

കോപ്പൻഹേഗൻ: ഡാനിഷ് ഷിപ്പിങ് ഭീമനായ മെഴ്‌സ്ക് വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി സെറ്റിൽമെന്റുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കമ്പനികളുടെ ഓഹരികൾ മെഴ്‌സ്ക് വിറ്റഴിക്കാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇസ്രായേൽ ഫലസ്തീൻ അധിനിവേശത്തിൽ നിന്ന് ലാഭം നേടുന്ന കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് മാസങ്ങളായി ഫലസ്തീൻ അനുകൂല പ്രവർത്തകർ മെഴ്‌സ്‌കിന് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതിനിടെയാണ് മെഴ്‌സ്കിന്റെ തീരുമാനം. ഏതൊക്കെ കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് മെഴ്‌സ്‌ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തീരുമാനം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായുള്ള ഇസ്രഈലി സെറ്റിൽമെന്റുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പേരുകൾ ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരുന്നു. ഈ കമ്പനിയുമായുള്ള തങ്ങളുടെ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ മാർഗനിർദേശങ്ങൾ പാലിക്കാൻ തീരുമാനിച്ചതായി മെഴ്‌സ്ക് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് ഡാറ്റാബേസിൽ, നിയമവിരുദ്ധ കുടിയേറ്റങ്ങളെ പിന്തുണക്കുന്ന സേവനങ്ങൾ, അവർക്ക് ഉപകരണങ്ങൾ അല്ലെങ്കിൽ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവയുമായുള്ള ബന്ധമാണ് മെഴ്‌സ്ക് വിച്ഛേദിക്കാനൊരുങ്ങുന്നത്. ഇസ്രഈലുമായി പ്രവർത്തിക്കുന്നത് നിർത്തണമെന്ന് മെഴ്‌സ്‌കിനോട് ആഹ്വാനം ചെയ്തിരുന്ന പ്രവർത്തകർ അവരുടെ ഈ നടപടിയെ സ്വാഗതം ചെയ്തു.

അതേസമയം, ഇസ്രായേൽ സായുധ സേനയ്‌ക്കായി സൈനിക ഹാർഡ്‌വെയർ, എഫ്-35 യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടെ കൊണ്ടുപോകുന്നത് ഉടൻ നിർത്തണമെന്നാണ് ഫലസ്തീൻ യുവജന പ്രസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നത്.

ഫെബ്രുവരിയിൽ, കോപ്പൻഹേഗനിലെ ആസ്ഥാനത്ത് ആയിരത്തോളം ആക്ടിവിസ്റ്റുകൾ പ്രതിഷേധിച്ചിരുന്നു. ന്യൂയോർക്കിലും മൊറോക്കോയിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. മാർച്ചിൽ, മെഴ്‌സ്‌കിനെ ഔദ്യോഗിക ബോയ്‌കോട്ട് ഡിവെസ്റ്റ്‌മെന്റ് ആൻഡ് സാങ്ഷൻ (ബിഡിഎസ്) പട്ടികയിൽ ഉൾപ്പെടുത്തി.

Tags:    
News Summary - Shipping giant Maersk cuts ties with companies operating in Israeli settlements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.