ഇന്ത്യ ക്ഷണിച്ചു, ബംഗ്ലാദേശ് മിണ്ടിയില്ല! ബ്രിക്സിൽ പങ്കെടുക്കാൻ നൽകിയ രണ്ട് ക്ഷണക്കത്തിലും മറുപടിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ വിട്ടുനിന്ന സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. താരിഖ് റഹ്മാന് ഇന്ത്യ രണ്ട് ഔദ്യോഗിക ക്ഷണക്കത്തുകൾ അയച്ചിരുന്നുവെങ്കിലും അതിന് ബംഗ്ലാദേശിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് ആദ്യ ക്ഷണം നൽകിയത്. തുടർന്ന്, ബിംസ്റ്റെക് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷൻ എന്ന നിലയിൽ ന്യൂഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി രണ്ടാമത്തെ ക്ഷണവും അയച്ചു. എന്നാൽ, ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് വ്യക്തിഗതമായി ക്ഷണമില്ലായിരുന്നുവെന്നും ബിംസ്റ്റെക് അധ്യക്ഷൻ എന്ന നിലയിൽ മാത്രമാണ് ക്ഷണം ലഭിച്ചതെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്ത് വന്നത്.
2026 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്മാൻ ഇതുവരെ ഔദ്യോഗികമായി ഇന്ത്യ സന്ദർശിച്ചിട്ടില്ല. അന്താരാഷ്ട്ര വേദികളിൽ വെച്ച് കാണുന്നതിനേക്കാൾ, ഇന്ത്യയുമായി നേരിട്ടുള്ള ഉഭയകക്ഷി സന്ദർശനത്തിലൂടെ പുതിയൊരു നയതന്ത്ര ബന്ധത്തിന് തുടക്കമിടാനാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്. പിന്നീട് ആഗസ്റ്റ് 23-ന് നടക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനം മാറ്റിവെക്കുകയായിരുന്നു. ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ഈ സന്ദർശനം ഉണ്ടാകുമെന്നാണ് സൂചന.
ഇന്ത്യൻ സന്ദർശനം നീളുന്നതിനിടെ, വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 21-ന് താരിഖ് റഹ്മാൻ ന്യൂയോർക്കിലേക്ക് തിരിക്കും. ബംഗ്ലാദേശ് നേരിടുന്ന പ്രധാന വെല്ലുവിളിയായ റോഹിംഗ്യൻ അഭയാർത്ഥി പ്രതിസന്ധിയെക്കുറിച്ചുള്ള പ്രത്യേക ചർച്ചകൾക്ക് അദ്ദേഹം അവിടെ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.