ഗസ്സ: വടക്കൻ ഗസ്സയിൽ നിന്നും പലായനം ചെയ്യുന്നതിനിടെ ഇസ്രായേൽ വ്യോമാക്രണത്തിൽ 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് ഹമാസ് അറിയിച്ചു. കാറുകളിൽ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്.
അതേസമയം, ആളുകൾ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളി. ഗസ്സയെ ലക്ഷ്യമിട്ട് കടലിൽ നിന്നുള്ള ആക്രമണം ഇസ്രായേൽ കടുപ്പിക്കുകയാണ്. വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ വാഹനങ്ങളിലും നടന്നും തെക്കൻ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വാഹനങ്ങളിൽ ആളുകൾ നീങ്ങുകയാണെന്നും വഴിയിൽ ബോംബിങ് നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് ഇസ്രായേൽ പിൻവലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും അവരുടെ മേൽ സ്വാധീനമുള്ളവരും പുതിയ സംഘർഷമുണ്ടാകുന്നത് തടയുകയും വെസ്റ്റ് ബാങ്കിലേക്കും മറ്റ് വിശാലമായ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നത് ഒഴിവാക്കാൻ ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.