ചൈനീസ്, റഷ്യൻ, ഇറാൻ യുദ്ധക്കപ്പലുകൾ ദക്ഷിണാഫ്രിക്കൻ സമുദ്രാതിർത്തിയിൽ

കേപ് ടൗൺ: വെനിസ്വേലയിലെ അമേരിക്കയുടെ സൈനിക ഇടപെടലും ഇറാൻ പ്രക്ഷോഭവും അടക്കം ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്നതിനിടെ ചൈനീസ്, റഷ്യൻ, ഇറാൻ യുദ്ധക്കപ്പലുകൾ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന നാവിക അഭ്യാസത്തിനായി ദക്ഷിണാഫ്രിക്കൻ സമുദ്രാതിർത്തിയിൽ എത്തി.

ശനിയാഴ്ച ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ച അഭ്യാസങ്ങൾ സുപ്രധാന കപ്പൽ പാതകളും സാമ്പത്തിക പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളാണെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.  സമുദ്ര ലക്ഷ്യങ്ങളിൽ ആക്രമണം നടത്തലും ‘ഭീകരവിരുദ്ധ രക്ഷാപ്രവർത്തനങ്ങളും’ അഭ്യാസങ്ങളുടെ ഭാഗമാകുമെന്നും അതിൽ പറയുന്നു.

കേപ് ടൗണിന് തെക്ക്, ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാന്റിക് സമുദ്രവുമായി സന്ധിക്കുന്ന സൈമൺസ് ടൗണിലെ ദക്ഷിണാഫ്രിക്കയുടെ ഉന്നത നാവിക താവള തുറമുഖത്തേക്ക് ചൈനീസ്, റഷ്യൻ, ഇറാനിയൻ കപ്പലുകൾ നീങ്ങുന്നതും കാണപ്പെട്ടുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബ്രസീൽ, ഇന്ത്യ, യു​നൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ ബ്രിക്സ് ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങൾ ഈ അഭ്യാസത്തിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അടുത്ത വെള്ളിയാഴ്ച വരെ നടക്കാനിരിക്കുന്ന അഭ്യാസങ്ങളിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കൻ സായുധ സേനയുടെ വക്താവ് പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ പ്രതിരോധ സേനയുടെ പ്രസ്താവന പ്രകാരം, ഈ പരിപാടി നാവികസേനകൾക്ക് മികച്ച രീതികൾ സഹകരണം കൈമാറാനും സംയുക്ത പ്രവർത്തന ശേഷികൾ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഷിപ്പിങ് റൂട്ടുകളുടെ സുരക്ഷക്കും മൊത്തത്തിലുള്ള പ്രാദേശിക സമുദ്ര സ്ഥിരതക്കും കാരണമാകുമെന്നും പറയുന്നു. 

ശനിയാഴ്ച യു.എസ് സൈന്യം വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം നടത്തി രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് ഉയർന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ അഭ്യാസങ്ങൾ.


Tags:    
News Summary - Chinese, Russian, Iranian warships near South African waters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.