വാഷിങ്ടൺ: വെനിസ്വേലയിലെ ആക്രമണത്തിന് പിന്നാലെ യു.എസ് അടുത്തതായി നോട്ടമിട്ടത് ആരെയാണെന്നാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. ഗ്രീൻലാൻഡും ഡെൻമാർക്കും പിടിച്ചെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയാതെ പറയുന്നുണ്ടെങ്കിലും എല്ലാവരുടെയും കണ്ണ് റഷ്യക്കും പ്രസിഡന്റ് വ്ലാദിമിർ പുടിനും നേരെയാണ്.
കഴിഞ്ഞാഴ്ച കാരക്കാസിൽ യു.എസിൽ സൈനികർ നടത്തിയ ആക്രമണത്തിൽ വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കളസ് മദൂറോയെയും ഭാര്യയെയും വീട്ടിൽ നിന്ന്കൂടിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സമാനമായ വിധി നേരിടേണ്ടി വരുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ പോലെയുള്ള സഖ്യകക്ഷികൾ അഭിപ്രായപ്പെടുകയുണ്ടായി.
സെലൻസ്കിയുടെ ഈ നിലപാടിനോട് വിയോജിപ്പ് അറിയിച്ചുവെങ്കിലും പുടിന്റെ കാര്യത്തിൽ താൻ നിരാശനാണെന്ന് ട്രംപ് പറയുകയുണ്ടായി. യുക്രെയ്നിലെ യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് പുടിനെതിരെ നിലവിലുണ്ട്. ഒരു സ്വേച്ഛാധിപതിയെ ഇങ്ങനെയാണ് പരിഗണിക്കേണ്ടത് എങ്കിൽ അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് യു.എസിന് നന്നായി അറിയാം എന്നായിരുന്നു മദൂറോയുടെ അറസ്റ്റിൽ സെലൻസ്കിയുടെ പ്രതികരണം. എന്നാൽ സെലൻസ്കിയുടെ പരാമർശങ്ങളെ കുറിച്ചും പുടിനെ പിടികൂടാൻ ദൗത്യത്തിന് ഉത്തരവിടുമോ എന്ന ചോദ്യത്തിന് അത് ആവശ്യമായി വരുമെന്ന് താൻ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.
''അദ്ദേഹവുമായി എപ്പോഴും മികച്ച ബന്ധം ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹിച്ചത്. ഞാൻ വളരെ നിരാശനാണ്. എട്ടു യുദ്ധങ്ങൾ ഞാൻ പരിഹരിച്ചു. യുക്രെയ്ൻ-റഷ്യ യുദ്ധം തടയാൻ കഴിയാത്തതിൽ ഖേദമുണ്ട്. കഴിഞ്ഞമാസം അവർക്ക് 31,000 പേരെ നഷ്ടമായി. അവരിൽ പലരും റഷ്യൻ സൈനികരായിരുന്നു. റഷ്യൻ സമ്പദ്‍വ്യവസ്ഥ മോശമാണ്. അത് നമ്മൾ പരിഹരിക്കാൻ പോവുകയാണ്. നിരവധി സൈനികർ മരിക്കുന്ന സാഹചര്യത്തിൽ അത് വളരെ വേഗത്തിൽ പരിഹരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്''-ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.