മാർക്ക് കെല്ലി
ടെക്സസ്: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ കൃത്യമായ ലക്ഷ്യങ്ങളോ പദ്ധതിയോ ഇല്ലെന്ന് ആരോപിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി. ഞായറാഴ്ച സി.ബി.എസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ട്രംപിന്റെ വിദേശനയങ്ങളെ രൂക്ഷമായി വിമർശിച്ചത്. ആസൂത്രണമില്ലാത്ത ഈ യുദ്ധം മൂലം അമേരിക്കയുടെ ആയുധശേഖരം അപകടകരമാംവിധം കുറയുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെന്റഗൺ നൽകിയ വിവരങ്ങൾ ഉദ്ധരിച്ച്, ടോമാഹോക്ക് മിസൈലുകൾ, പാട്രിയറ്റ് റൗണ്ടുകൾ, സ്മാർട്ട് (SM-3) മിസൈലുകൾ തുടങ്ങിയ അത്യാധുനിക ആയുധങ്ങളുടെ ശേഖരം കുറഞ്ഞത് ഞെട്ടിക്കുന്നതാണെന്ന് കെല്ലി പറഞ്ഞു. ആയുധങ്ങൾ തീരുന്നത് പടിഞ്ഞാറൻ പസഫിക് മേഖലയിൽ ചൈനയുമായുള്ള തർക്കങ്ങൾ പോലെയുള്ള മറ്റ് ആഗോള വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കയുടെ ശേഷിയെ ബാധിക്കും. തീർന്നുപോയ ആയുധശേഖരം പഴയതുപോലെയാക്കാൻ വർഷങ്ങളെടുക്കുമെന്നും മാർക്ക് വ്യക്തമാക്കി.
പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്നും ചെലവുകൾ കുറക്കുമെന്നും വാഗ്ദാനം നൽകിയാണ് ട്രംപ് അധികാരമേറ്റതെന്ന് കെല്ലി ഓർമിപ്പിച്ചു. എന്നാൽ ഇപ്പോൾ നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇറാനുമായുള്ള യുദ്ധം മൂലം എല്ലാ മേഖലകളിലും ചിലവ് വർധിക്കുകയാണെന്നും ഇതിലൂടെ അമേരിക്കൻ ജനതക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ വിന്യസിച്ച് മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്തുന്ന കാലം കഴിഞ്ഞുവെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബ്രിഗേഡിയർ ജനറൽ അഹമ്മദ് സോൽഗാദർ പ്രതികരിച്ചു. യു.എസിന്റെ സൈനിക സാന്നിധ്യം ഇനി ആരെയും പരിഭ്രാന്തിയിലാക്കില്ലെന്നും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
സുരക്ഷാ സാഹചര്യം വഷളാകുന്നതിനിടെ, ഹുർമുസ് കടലിടുക്കിൽ തുടരുന്ന സമുദ്ര ഉപരോധത്തിന്റെ ഭാഗമായി 61 ചരക്ക് കപ്പലുകളുടെ ദിശ മാറ്റിയതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. സമാധാനം സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളോട് ഇറാൻ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ഞായറാഴ്ച പറഞ്ഞു. മുമ്പ് അമേരിക്ക ഭരിച്ചിരുന്ന പ്രസിഡന്റുമാർ ഇറാനോട് കാണിച്ച ഉദാരമായ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.