വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിനെ തുടർന്ന് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന നടപടികൾ തുടരവേ സമൂഹമാധ്യമ വിഡിയോയിൽ പൊട്ടിക്കരഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖ ഹോളിവുഡ് നടി സെലീന ഗോമസ്. 'ഐ ആം സോറി' എന്ന തലക്കെട്ടോടെ പങ്കുവെച്ച വിഡിയോയിലാണ് സെലീന ഗോമസ് കുടിയേറ്റക്കാരെ നാടുകടത്തുന്ന നിലപാടിനെതിരെ പ്രതിഷേധിച്ചത്. വിഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു.
മെക്സിക്കോയുടെ പതാകയും വിഡിയോ കാപ്ഷനൊപ്പം നൽകിയിരുന്നു. 'എന്‍റെ ആളുകളെല്ലാം ആക്രമിക്കപ്പെടുകയാണ്. കുട്ടികൾ പോലും. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്നോട് ക്ഷമിക്കണം. എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഒന്നും കഴിഞ്ഞില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാൽ, സാധ്യമായതെല്ലാം ചെയ്യാൻ ശ്രമിക്കും, ഞാൻ ഉറപ്പുനൽകുന്നു' -വിഡിയോയിൽ നടി കണ്ണീരോടെ പറഞ്ഞു.
32കാരിയായ താരത്തിന്‍റെ വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയുമുയർന്നു. സെലീനയെ അനുകൂലിച്ച് പലരും രംഗത്തെത്തിയപ്പോൾ മറ്റൊരു വിഭാഗം നിലപാടിനെ എതിർത്തും രംഗത്തെത്തി.
ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നത്. പ്രസിഡന്റായി അധികാരമേറ്റ് നാലുദിവസത്തിനകം ഈ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. വിവിധ രാജ്യക്കാരായ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സൈനിക വിമാനങ്ങളിൽ നാടുകടത്തുന്നത് തുടരുകയാണ്.
അതേസമയം, കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ട്രംപിന്‍റെ നയത്തിന് വ്യാപക വിമർശനവുമുണ്ട്. കൂട്ട നാടുകടത്തലുകൾ സാമൂഹിക, സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.