ലോകത്തിലെ ഏറ്റവും പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി; അതൊരു ശവകുടീരത്തിലായിരുന്നു!

റോം: പഴക്കം കൂടുന്തോറും രുചി കൂടുന്ന ഒന്നാണ് വീഞ്ഞെന്ന് എല്ലാവർക്കും അറിയാം. അപ്പോൾ രണ്ട് സഹസ്രാബ്ദം പഴക്കമുള്ള വീഞ്ഞിന്റെ രുചിയെന്തായിരിക്കും? ചരിത്രപ്രസിദ്ധമായ ആന്തലൂസ്യയിൽ ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 2,000 വർഷം പഴക്കമുള്ള വൈറ്റ് വൈൻ ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും പഴക്കമുള്ള വീഞ്ഞായി മാറിയിരിക്കുന്നു!

2019 ൽ പുരാവസ്തു ഗവേഷകർ സ്പെയ്നിലെ കാർമോണയിൽ ഒരു പുരാതന റോമൻ ശവകുടീരം ഭൂമിക്കടിയിൽ കണ്ടെത്തിയിടത്തുനിന്നാണ് വീഞ്ഞിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അവിടെ ആറു പേരെ അടക്കം ചെയ്തിരുന്നു. എന്നാൽ, ഒരു മനോഹരമായസ്ഫടിക പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത ദ്രാവകമായിരുന്നു ഒപ്പം കണ്ടെത്തിയ കൗതുകകരമായ കാഴ്ചകളിലൊന്ന്. ചുവപ്പു കലർന്ന ദ്രാവകത്തിൽ മനുഷ്യന്റെ അസ്ഥികൾ മുക്കിവെച്ചിരുന്നത് ഗവേഷകരിൽ ആകാംക്ഷയുളവാക്കി. എ.ഡി ഒന്നാം നൂറ്റാണ്ട് മുതൽ ഇതവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.

കാർമോണ നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കോർഡോബ സർവകലാശാലയിലെ ഓർഗാനിക് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിലെ നിന്നുള്ള ഒരു സംഘം ഈ ദ്രാവകത്തെ മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും പഴക്കമുള്ള വീഞ്ഞാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അത് ചരിത്രത്തി​ന്റെ ഭാഗമാവുന്നത്. രണ്ട് സഹസ്രാബ്ദങ്ങൾക്കിപ്പുറവും ഒരു ശവകുടീരത്തിലെ പാത്രത്തിനുള്ളിൽ ദ്രാവകം സംരക്ഷിക്കപ്പെട്ടു എന്നത് ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തി. ശവകുടീരത്തിന്റെ മനോഹരമായ സാഹചര്യവും പാത്രം ഭദ്രമായി സൂക്ഷിച്ചതിനാലുമെല്ലാം വീഞ്ഞിനെ യഥാർത്ഥ അവസ്ഥയിൽ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. പ്രകൃതിക്ഷോഭങ്ങളൊന്നും അതിനെ ബാധിച്ചതേയില്ല.

1867 ൽ കണ്ടെത്തിയ എ.ഡി നാലാം നൂറ്റാണ്ടിലെ വൈൻ കുപ്പിയിയായിരുന്നു ഇതിനുമുമ്പ് അറിയപ്പെട്ടിരുന്ന ഏറ്റവും പഴക്കമുള്ള വീഞ്ഞ്. അതിപ്പോൾ ജർമ്മനിയിലെ ചരിത്ര മ്യൂസിയത്തിലാണ്.

പുരാതന ശവകുടീരത്തിൽ നിന്നുള്ള ചുവപ്പ് കലർന്ന ദ്രാവകം യഥാർത്ഥത്തിൽ വീഞ്ഞായിരുന്നുവെന്ന് സ്ഥിരീകരിക്കൽ ഗവേഷക സംഘത്തിന് കടുത്ത വെല്ലുവിളിയായിരുന്നു. അവർ കോർഡോബ സർവകലാശാലയുടെ സെൻട്രൽ റിസർച്ച് സപ്പോർട്ട് സർവിസിൽ രാസ പരിശോധനകൾ നടത്തി.  ദ്രാവകത്തിന്റെ പി.എച്ച് സൂക്ഷ്മമായി വിശകലനം ചെയ്തു. ഓർഗാനിക് പദാർത്ഥങ്ങളും ധാതു ലവണങ്ങളും പരിശോധിച്ചു. ഗ്ലാസുമായും അതിനകത്തെ എല്ലുകളുമായോ ബന്ധപ്പെട്ടിരിക്കുന്ന രാസ സംയുക്തങ്ങൾ കണ്ടെത്തി. ഈ ഫലങ്ങൾ പിന്നീട് മോണ്ടില്ല-മോറിലസ്, ജെറസ്, സാൻലൂകാർ എന്നിവിടങ്ങളിൽ നിന്നുള്ള ആധുനിക വൈനുകളുമായി താരതമ്യം ചെയ്തു. ഇത് ദ്രാവകം യഥാർത്ഥ വീഞ്ഞാണെന്നതിന്റെ പ്രാഥമിക തെളിവിലേക്ക് നയിച്ചു.

എല്ലാ വൈനുകളിലും അടങ്ങിയിട്ടുള്ള പോളിഫെനോളുകളിൽ നിന്നാണ് നിർണായക സൂചന ലഭിച്ചത്. ഈ സംയുക്തങ്ങളെ ചെറിയ അളവിൽ കണ്ടുപിടിക്കാൻ കഴിവുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സമകാലിക വൈനുകളിലും അടങ്ങിയിരിക്കുന്ന ഏഴ് പോളിഫെനോളുകൾ ഗവേഷകർ തിരിച്ചറിഞ്ഞു. ഇതോടെ ദ്രാവകത്തിന്റെ ഐഡന്റിറ്റി വൈൻ ആണെന്ന് ഉറപ്പിക്കുകയായിരുന്നു.

അതേ കാലഘട്ടത്തിൽ നിന്നുള്ള താരതമ്യപ്പെടുത്താവുന്ന സാമ്പിളുകളുടെ അഭാവം കാരണം വീഞ്ഞിന്റെ ഉത്ഭവം നിർണയിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ളതായി. പുരാതന ദ്രാവകത്തിൽ കാണപ്പെട്ട ധാതു ലവണങ്ങൾ നിലവിൽ ഈ പ്രദേശത്ത് ഉൽപ്പാദിപ്പിക്കുന്ന വൈറ്റ് വൈനുകളുടേതിന് സമാനമാണെന്ന് കണ്ടെത്തിയതാണ് കാലഗണനയിലേക്ക് നയിച്ചത്.

Tags:    
News Summary - Scientists have discovered the world’s oldest wine!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.