സമാധാന ചർച്ചക്ക് മുന്നോടിയായി യു.എസിന്റെ സി-17 കാർഗോ വിമാനം സുരക്ഷാ സാമഗ്രികളുമായി ഇസ്ലാമാബാദിലെത്തുന്നു
തെഹ്റാൻ/വാഷിങ്ടൺ: ഇറാനിൽ വെടിനിർത്തൽ സമയം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ, തുടർ സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി യു.എസിന്റെ നീക്കം. ഒരാഴ്ചയിലധികമായി ഹുർമുസിൽ നാവിക ഉപരോധത്തിലുള്ള യു.എസ്, ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തു.
ഇറാൻ പതാക നാട്ടിയ കപ്പൽ ഒമാൻ തീരത്തിന് സമീപത്തായി പിടിച്ചെടുത്തുവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചതോടെ, കടുത്ത പ്രതികരണവുമായി ഇറാനും രംഗത്തെത്തി. യു.എസിന്റേത് കടൽക്കൊള്ളയാണെന്നും തക്കതായ തിരിച്ചടി നൽകുമെന്നും ഇറാൻ സൈനിക വക്താവ് ഖത്തം അൽ അൻബിയ വ്യക്തമാക്കി.
ഹുർമുസിൽ യു.എസ് നടപടി കടുപ്പിച്ച സാഹചര്യത്തിൽ സമാധാന ചർച്ചയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചതോടെ അടുത്ത ദിവസങ്ങളിൽ പാകിസ്താനിൽ നടക്കുമെന്ന് പ്രതീക്ഷിച്ച സമാധാന ചർച്ച അനിശ്ചിതത്വത്തിലായി.
തിങ്കളാഴ്ച പുലർച്ചെയാണ് കപ്പൽ യു.എസ് പിടിച്ചെടുത്തത്. ചൈനയിൽനിന്ന് ഇറാനിലേക്ക് വന്നുകൊണ്ടിരുന്ന കപ്പലായിരുന്നു ഇത്. ഉപരോധം മറികടന്ന് മുന്നേറാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് യു.എസ് വാദം. യു.എസ്.എസ് സുപ്രവാൻസ് എന്ന നാവികസേനാ കപ്പൽ ഇറാൻ കപ്പലിന് കൃത്യമായ മുന്നറിയിപ്പ് നൽകിയതായും യു.എസ് പറഞ്ഞു. യു.എസിന്റെ നിയന്ത്രണത്തിലാണ് പിടിച്ചെടുക്കപ്പെട്ട കപ്പൽ. കടൽക്കൊള്ളയെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. വെടിനിർത്തൽ കരാറിന്റെ ലംഘനമായും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതിനിടെ, ചർച്ചക്ക് തയാറായില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. പാകിസ്താനിൽ ചർച്ച നടക്കുമെന്ന് സൂചിപ്പിച്ച അദ്ദേഹം യു.എസിന്റെ പ്രതിനിധികൾ ചൊവ്വാഴ്ച ഇസ്ലാമാബാദിലെത്തുമെന്നും അറിയിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരിക്കും പ്രതിനിധി സംഘത്തെ നയിക്കുക. ചർച്ചക്ക് മുന്നോടിയായി യു.എസിന്റെ സി-17 കാർഗോ വിമാനം സുരക്ഷാ സാമഗ്രികളുമായി ഞായറാഴ്ച തന്നെ ഇസ്ലാമാബാദിലെത്തിയിട്ടുണ്ട്. ചർച്ച നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് ഇസ്ലാമാബാദിൽ ഒരുക്കങ്ങൾ തകൃതിയിലായിരിക്കെയാണ് കപ്പൽ പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് ഇറാന്റെ പിന്മാറ്റ സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.