ഷി ജിൻപിങ്

ഹുർമുസ് അന്താരാഷ്ട്ര ജലപാത; തുറന്നുകൊടുക്കണമെന്ന് ഷി ജിൻപിങ്

ബീജിങ്: ഹുർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയിൽ നിർണ്ണായക നിലപാടുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഹുർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അത് സാധാരണ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ചൈനീസ് പ്രസിഡന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹുർമുസ് ഉപരോധത്തിന് ശേഷം വിഷയത്തിൽ ഷി ജിൻപിങ് നടത്തുന്ന ആദ്യ പ്രതികരണമാണിത്.

ഹുർമുസ് കടലിടുക്ക് തങ്ങളുടെ അവകാശമാണെന്ന ഇറാന്റെ വാദങ്ങളെ തള്ളാതെ തന്നെ, മേഖലയിലെ സമാധാനത്തിനും ആഗോള താൽപ്പര്യങ്ങൾക്കും കടലിടുക്ക് തുറന്നിടേണ്ടത് അത്യാവശ്യമാണെന്ന് ഷി ജിൻപിങ് പറഞ്ഞു. ഉപരോധത്തിന്റെ കാര്യത്തിൽ ഇറാനെയോ അമേരിക്കയെയോ നേരിട്ട് കുറ്റപ്പെടുത്താതെ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ചൈനയുടെ ആവശ്യം.

മുമ്പ് ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കിൽ ചൈനക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ കടുത്ത ഉപരോധം ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയതോടെയാണ് ചൈന ഇപ്പോൾ നിലപാട് മാറ്റുന്നത്. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് ചൈന.

ചൈനയിൽ നിന്ന് ഇറാനിലേക്ക് പോയ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം തടഞ്ഞതിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തി. ‘അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ബലപ്രയോഗങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്’ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം, ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ സൈന്യം വെടിവെച്ച സംഭവത്തിലും, ജലപാത തുറന്നിടുക എന്നതാണ് ആഗോള താൽപ്പര്യമെന്ന് ചൈന ആവർത്തിച്ചു. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, ചൈനയുടെ ഈ പുതിയ നയതന്ത്ര നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

Tags:    
News Summary - Xi Jinping calls for opening of international waterway of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.