ഇസ്രായേൽ-ലബനാൻ രണ്ടാം ഘട്ട ചർച്ച വ്യാഴാഴ്ച

 ​വാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ ഈ വരുന്ന വ്യാഴാഴ്ച വാഷിങ്ടണിൽ നടന്നേക്കുമെന്ന് വിവിധ ഇസ്രായേലി മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന 10 ദിവസത്തെ വെടിനിർത്തലിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്ന ആദ്യ ചർച്ചയാണിത്.

നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും വെടിനിർത്തൽ ധാരണകൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഈ നയതന്ത്ര നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, തെക്കൻ ലെബനനിലെ 39 ഗ്രാമങ്ങളിൽ ഇസ്രായേൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയതായി ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഭീതിയൊഴിഞ്ഞതോടെ പലായനം ചെയ്ത ജനങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുന്നതിനിടയിലാണ് ലെബനൻ അതിർത്തിയിലെ ഈ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്. ഇത് മേഖലയിലെ മൊത്തത്തിലുള്ള യുദ്ധസാഹചര്യം ലഘൂകരിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

ഇസ്രായേലും ലെബനനും താൽക്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്നത് ഏ​പ്രിൽ 16നായിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. 10 ദിവസത്തേക്കാണ് ഈ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നത്.പശ്ചിമേഷ്യയിലെ സമാധാനത്തിന്‌ അമേരിക്കയുമായുള്ള ചർച്ചക്ക്‌ ലെബനനിലെ വെടിനിർത്തൽ അനിവാര്യമാണെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതാണ്‌ നിർണായകമായത്‌.

കൂടുതൽ സുസ്ഥിരമായ ഒരു സമാധാന കരാറിലെത്തുന്നതിനായി ചർച്ചകൾക്ക് അവസരമൊരുക്കുക എന്നതായിരുന്നു വെടിനിർത്തലിന്റെ പ്രധാന ലക്ഷ്യം.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഈ തീരുമാനത്തിലെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് ശേഷമായിരുന്നു ഈ നടപടി. ഏകദേശം 2,100-ലധികം ആളുകൾ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേർ പലായനം ചെയ്യേണ്ടി വരികയും ചെയ്തു.വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണ ലെബനനിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Israel, Lebanon second round of talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.