ഡൊണാൾഡ് ട്രംപ്

ഇറാൻ ചർച്ചകൾക്കായി ട്രംപ് പാകിസ്താനിലേക്ക്? സമാധാന നീക്കങ്ങൾ ഊർജ്ജിതം

വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന യു.എസ്-ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരിട്ട് പാകിസ്താനിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബുധനാഴ്ച പാകിസ്താനിൽ വെച്ച് ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ചർച്ചകൾ വിജയകരമാവുകയാണെങ്കിൽ കരാറിൽ ഒപ്പിടുന്നതിനായി ട്രംപ് നേരിട്ടോ വിഡിയോ കോൺഫറൻസ് വഴിയോ ഇസ്‌ലാമാബാദിലെ ചർച്ചകളിൽ പങ്കുചേരുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇതിനിടെ ചർച്ചകൾ ശരിയായ ദിശയിലാണെന്നും ബുധനാഴ്ചയോടെ ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കുമെന്നും പാകിസ്താൻ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ അമേരിക്കയുമായുള്ള ചർച്ചക്ക് തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. നിലവിൽ മേഖലയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരുകയാണ്. ഇറാന്റെ ചരക്കുക്കപ്പലായ തൂസ്ക അമേരിക്കൻ നാവികസേന പിടിച്ചെടുത്തതിനെ ഇറാൻ ശക്തമായി അപലപിച്ചു. ഇത് കടൽക്കൊള്ളയാണെന്നും വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേസമയം ഇറാനെ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. എന്നാൽ ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്ന നിലപാടിലാണ് ഇറാൻ.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്താനിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചർച്ചകളിൽ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. സമാധാന കരാർ ഏതു നിമിഷവും ഉണ്ടായേക്കാമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഈ യുദ്ധം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പാകിസ്താനിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ മേഖല വീണ്ടും കടുത്ത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. 

Tags:    
News Summary - Donald Trump May Travel To Pakistan For In-Person Peace Talks With Iran As Ceasefire Nears End

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.