വെസ്റ്റ് ബാങ്ക്: ഇസ്രായേൽ അധിനിവേശം മുറിപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ മണ്ണിൽ പ്രത്യാശയുടെ പച്ചപ്പുമായി ആയിരക്കണക്കിന് ഒലിവ് തൈകൾ വേരുറപ്പിക്കുന്നു. ബ്രിട്ടൻ ആസ്ഥാനമായുള്ള ഫെയർ ട്രേഡ് കമ്പനിയായ 'സൈത്തൂണി'ന്റെ സഹകരണത്തോടെ ഫലസ്തീൻ ഫെയർ ട്രേഡ് അസോസിയേഷൻ (പി.എഫ്.ടി.എ) നടപ്പിലാക്കുന്ന 'ട്രീസ് ഫോർ ലൈഫ്' പദ്ധതിയിലൂടെയാണ് അതിജീവന പോരാട്ടം നടക്കുന്നത്. ഫലസ്തീനികളുടെ ഉപജീവനമാർഗ്ഗം മാത്രമല്ല, അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ അടയാളം കൂടിയാണ് ഒലിവ് മരങ്ങൾ. എന്നാൽ 1967ന് ശേഷം ഏകദേശം പത്ത് ലക്ഷത്തോളം ഒലിവ് മരങ്ങളാണ് ഇസ്രായേൽ അധികൃതരും കുടിയേറ്റക്കാരും ചേർന്ന് വെട്ടിനശിപ്പിച്ചത്. ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് സൈത്തൂൺ ഡയറക്ടർ തൈസീർ അർബാസിം വ്യക്തമാക്കുന്നു. ഏകദേശം 25,000 കുടുംബങ്ങൾക്ക് തങ്ങളുടെ കൃഷി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
2006ൽ ആരംഭിച്ച 'ട്രീസ് ഫോർ ലൈഫ്' പദ്ധതി ഒലിവ് മരങ്ങൾക്ക് പുറമെ കരോബ്, അത്തി, ബദാം തുടങ്ങിയവയും നട്ടുപിടിപ്പിക്കുന്നുണ്ട്. 2011 മുതൽ സൈത്തൂൺ മൂന്ന് ലക്ഷത്തിലധികം മരങ്ങൾക്കായി സാമ്പത്തിക സഹായം നൽകിയപ്പോൾ 2025-26 സീസണിൽ മാത്രം 40,000 തൈകൾ നട്ടുപിടിപ്പിക്കാനാവശ്യമായ 1.9 ലക്ഷം പൗണ്ട് സമാഹരിച്ചു കഴിഞ്ഞു. മണ്ണ് സംരക്ഷണത്തിനായി പയർ വർഗ്ഗങ്ങൾ ഇടവിളയായി കൃഷി ചെയ്യുന്ന പുനരുജ്ജീവന കൃഷിരീതിയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. മൂന്ന് വർഷം പ്രായമുള്ള തൈകളാണ് കർഷകർക്ക് നൽകുന്നത്. ഇവ കായ്ക്കാൻ അഞ്ച് വർഷവും പൂർണ്ണ വളർച്ചയെത്താൻ 15 വർഷവും കാത്തിരിക്കണം. എങ്കിലും, കൃഷി ചെയ്യുന്ന ഭൂമി കണ്ടുകെട്ടുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്ന നിയമപരമായ സാധ്യതകൾ കൂടി കണക്കിലെടുത്ത് ഈ വൃക്ഷത്തൈ നടുമ്പോൾ വലിയൊരു ആത്മവിശ്വാസമാണ് കർഷകർക്ക് നൽകുന്നത്.
കൃഷി ഫലസ്തീനികൾക്ക് കേവലം ഒരു തൊഴിലല്ലെന്നും മറിച്ച് മണ്ണുമായുള്ള തങ്ങളുടെ ബന്ധം വിച്ഛേദിക്കാനുള്ള നീക്കങ്ങൾക്കെതിരായ സാംസ്കാരികവും ആത്മീയവുമായ പ്രതിരോധമാണെന്നും പി.എഫ്.ടി.എ വക്താവ് പറഞ്ഞു. ഒലിവ് മരങ്ങളെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കാണുന്ന ഫലസ്തീനികൾക്ക് ഓരോ തൈ നടുന്നതും പുതിയൊരു കുടുംബാംഗത്തെ സ്വീകരിക്കുന്നതിന് തുല്യമായ സന്തോഷമാണെന്ന് അർബാസിം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.