റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന കിയവിലെ ടാക്സ് ഓഫിസ് കെട്ടിടം

റഷ്യൻ ഡ്രോൺ ആക്രമണം: കിയവിൽ അഞ്ചു കെട്ടിടങ്ങൾക്ക് നാശം

കിയവ്: റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ അഞ്ചു കെട്ടിടങ്ങൾക്ക് നാശം. യുക്രേനിയൻ വ്യോമ പ്രതിരോധം നിരവധി കെട്ടിടങ്ങളെ സംരക്ഷിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്‌ചകളിൽ രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റു ജനവാസ കേന്ദ്രങ്ങളും റഷ്യൻ ആക്രമണങ്ങൾക്ക് ഇരയായിരുന്നു.

റഷ്യ തൊടുത്തുവിട്ട 13 ഇറാൻ നിർമിത ഡ്രോണുകൾ പ്രതിരോധിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ഹ്രസ്വ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഒരു അഡ്മിനിസ്ട്രേറ്റിവ്, നാല് താമസ കെട്ടിടങ്ങൾക്കാണ് കേടുപാടുണ്ടായതെന്ന് കിയവ് ഭരണനിർവഹണ മേധാവി സെർഹി പോപ്‌കോ ടെലിഗ്രാമിൽ അറിയിച്ചു.

സെൻട്രൽ ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിലെ മൂന്നു നിലകളുള്ള അഡ്മിനിസ്‌ട്രേറ്റിവ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. സ്‌ഫോടനത്തിൽ പാർക്ക് ചെയ്‌ത കാറുകളുടെയും സമീപത്തെ കെട്ടിടത്തിന്റെയും ജനാലകൾ പൊട്ടിത്തെറിച്ചു. മഞ്ഞുവീഴ്ചയുള്ളതിനാൽ കടുത്ത തണുപ്പിനെ നേരിടാൻ തകർന്ന ജനാലകൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ശുചീകരണ തൊഴിലാളികൾ മറച്ചു. അതേസമയം, റഷ്യൻ മിസൈലുകൾ പ്രതിരോധിക്കാൻ യുക്രെയ്നിലേക്ക് പാട്രിയറ്റ് മിസൈൽ ശേഖരം അയക്കാൻ യു.എസ് സന്നദ്ധത അറിയിച്ചു.


Tags:    
News Summary - Russian drone strikes damage five buildings in Kyiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.