കിയവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന സൈനിക പ്ലാന്റിൽനിന്ന് പുകയുയരുന്നു

കിയവിൽ റഷ്യൻ ആക്രമണം; സൈനിക പ്ലാന്റ് തകർത്തു

കിയവ്: റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ കൊടിക്കപ്പൽ, മോസ്ക്‍വ യുക്രെയ്ൻ സൈന്യം തകർത്തതിന്റെ പ്രതികാരമായി യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ മിസൈലുകൾ വർഷിച്ച് റഷ്യ.

കിയവിന്റെ പ്രാന്തപ്രദേശങ്ങളിലും പടിഞ്ഞാറൻ നഗരമായ ലിവിവിലും നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കിയവിൽനിന്ന് 900ത്തിലേറെ തദ്ദേശവാസികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നേരത്തേ കിയവ് പിടിക്കാനുള്ള റഷ്യയുടെ ശ്രമം യുക്രെയ്ൻ സൈന്യത്തിന്റെ പ്രതിരോധത്തിൽ തകരുകയായിരുന്നു. പിന്നാലെ കിയവ് വിട്ട് റഷ്യൻ സേന മറ്റു നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടെ, യുക്രെയിൻ മിസൈൽ പതിച്ചാണ് മോസ്ക്‍വ തകർന്നതെന്നും കപ്പൽ മുങ്ങിയതായും യു.എസ് സ്ഥിരീകരിച്ചു.

കിയവിലെ സൈനിക പ്ലാന്റ് ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മരിയുപോളിൽ റഷ്യ ദീർഘദൂര ശേഷിയുള്ള ബോംബറുകൾ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രതിരോധമന്ത്രാലയം ആരോപിച്ചു. മരിയുപോളിലെ സ്റ്റീൽ പ്ലാന്റും തുറമുഖവും കേന്ദ്രീകരിച്ചാണ് ആക്രമണം. കിഴക്കൻ നഗരമായ ഖാർകിവിൽ ഏഴുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണർ അറിയിച്ചു. അതിനിടെ, പ്രധാനമന്ത്രി ബോറിസ് ജോൺസൻ, വിദേശ്യ കാര്യ സെക്രട്ടറി ലിസ് ട്രുസ്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ് തുടങ്ങി 10ലേറെ ബ്രിട്ടീഷ് ഉന്നതർക്ക് റഷ്യ പ്രവേശന വിലക്കേർപ്പെടുത്തി.

യുക്രെയ്ൻ അധിനിവേശത്തിന് തിരിച്ചടിയായി റഷ്യക്കെതിരെ ബ്രിട്ടൻ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. യുക്രെയ്ന് ആയുധങ്ങൾ നൽകുന്ന യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 1900 യുക്രെയ്ൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായാണ് യു.എൻ റിപ്പോർട്ട്. രാജ്യത്തെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന റഷ്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എസിനോട് ആവശ്യപ്പെട്ടു.

യുദ്ധം തുടങ്ങി ഇതുവരെ 3000 യുക്രെയ്ൻ സൈനികരുടെ ജീവൻ നഷ്ടമായതായി സെലൻസ്കി വെളിപ്പെടുത്തി. 10,000ത്തോളം സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. 20,000 റഷ്യൻ സൈനികർ ഇതുവരെ കൊല്ലപ്പെട്ടതായും സെലൻസ്കി അവകാശപ്പെട്ടു.

Tags:    
News Summary - Russian attack on kyiv; military plant was destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.