'എങ്ങോട്ട് പോകണമെന്നറിയില്ല,ഞങ്ങൾ വീണ്ടും അഭയാർത്ഥികളായി'; യെല്ലോ ലൈൻ ഗസ്സക്കകത്തേക്ക് വ്യാപിപ്പിച്ച് ഇസ്രായേൽ

ഗസ്സയിൽ ഇസ്രായേൽ പുതിയ  അതിർത്തികളും മൺകൂനകളും നിർമ്മിക്കുന്നതായി റിപ്പോർട്ട്. ഇതുമൂലം നിരവധി ഫലസ്തീൻ കുടുംബങ്ങൾ വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. യെല്ലോ ലൈൻ (Yellow Line) എന്ന് അറിയപ്പെടുന്ന നിയന്ത്രിത മേഖലയുടെ അതിർത്തി അടയാളപ്പെടുത്തുന്ന മഞ്ഞ കോൺക്രീറ്റ് ബ്ലോക്കുകൾ പടിഞ്ഞാറോട്ട് മാറ്റിസ്ഥാപിച്ചതോടെയാണ് ഗസ്സയിലെ ജനം കൂടുതൽ ദുരിതത്തിലായത്.

കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സൈന്യം പിന്മാറേണ്ടിയിരുന്ന പ്രദേശങ്ങളിലാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എന്നാൽ, കരാർ വ്യവസ്ഥകൾ ലംഘിച്ച് ഇസ്രായേൽ സേന യെല്ലോ ലൈൻ ഗസ്സയുടെ ഉള്ളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. ഇസ്രായേലിന്റെ പുതിയ നടപടികൾ ദീർഘകാല അധിനിവേശത്തിന്റെ സൂചനയാണെന്നാണ് സുരക്ഷാ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

വടക്കൻ ഗസ്സയിലെ അൽ-തുഫാ മേഖലയിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് തിങ്കളാഴ്ചയോടെ വീടുകൾ വിട്ടുനൽകേണ്ടി വന്നു. സലാഹുദ്ദീൻ റോഡിന്റെ മധ്യഭാഗത്തേക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ മാറ്റിയതോടെ നൂറുകണക്കിന് ആളുകളാണ് വീണ്ടും അഭയാർത്ഥികളായത്. തങ്ങളുടെ വീടുകൾ ഇതിനകം തകർക്കപ്പെട്ടതായും ഇപ്പോൾ അഭയം പ്രാപിച്ച ടെന്റുകളും ബോംബാക്രമണങ്ങളിൽ നശിച്ചതായും പലരും പറയുന്നു.

ഇസ്രായേലിന്റെ ഈ നീക്കങ്ങൾ ഗസ്സയിലെ രണ്ട് ദശലക്ഷത്തോളം വരുന്ന ജനങ്ങളെ കൂടുതൽ ഇടുങ്ങിയ പ്രദേശങ്ങളിലേക്ക് ചുരുക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഓഫീസായ ഒച്ച (OCHA) വ്യക്തമാക്കി. ഖാൻ യൂനുസ്, ഡെയ്ർ അൽ-ബലാഹ്, സെയ്തൂൻ, റഫ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ പുതിയ സൈനിക താവളങ്ങളും ഉയർന്ന മൺകൂനകളും നിർമ്മിക്കപ്പെടുന്നുണ്ട്. അടിയന്തരമായി പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ട് സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നിരവധി കുടുംബങ്ങളാണ് സാധനസാമഗ്രികളുമായി പലായനം ചെയ്തത്.

അതേസമയം, ഇസ്രായേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും ഹമാസിന്റെ പുനരേകീകരണ പ്രവർത്തനങ്ങൾ തടയാനുമാണ് ഇത്തരം സൈനിക നടപടികൾ സ്വീകരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് യെല്ലോ ലൈൻ വ്യക്തമായി അടയാളപ്പെടുത്തുന്നതെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.

എന്നാൽ, വെടിനിർത്തൽ കരാർ നിലനിൽക്കെ നടക്കുന്ന ഇത്തരം തുടർച്ചയായ ഒഴിപ്പിക്കലുകളും നിർമ്മാണ പ്രവർത്തനങ്ങളും ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. എങ്ങോട്ട് പോകണമെന്നറിയാതെ അനിശ്ചിതത്വത്തിലാണ് ലക്ഷക്കണക്കിന് ഫലസ്തീൻ കുടുംബങ്ങൾ കഴിയുന്നത്.

Tags:    
News Summary - 'എങ്ങോട്ട് പോകണമെന്നറിയില്ല,ഞങ്ങൾ വീണ്ടും അഭയാർത്ഥികളായി'; യെല്ലോ ലൈൻ ഗസ്സക്കകത്തേക്ക് വ്യാപിപ്പിച്ച് ഇസ്രായേൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.