ഇസ്തംബൂൾ: റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിചും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അബ്രമോവിച് തുർക്കി പ്രസിഡന്റുമായും വിദേശകാര്യ മന്ത്രി മെവ്‍ലൂത് കാവസോഗ്‍ലുവുമായും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സമാധാന ചർച്ച അട്ടിമറിക്കാൻ ലക്ഷ്യമിട്ട റഷ്യക്കാരിൽ നിന്ന് ചെൽസി ഫുട്ബോൾ ക്ലബ് ഉടമസ്ഥനായ ഇദ്ദേഹത്തിനും രണ്ട് യുക്രെയ്ൻ പ്രതിനിധികൾക്കും വിഷബാധയേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ആരോഗ്യ നില മെച്ചുപ്പെട്ടു. ഇതെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അബ്രമോവിച് പ്രതികരിച്ചില്ല. എന്താണ് ഇദ്ദേഹത്തിന്റെ ചുമതല എന്നത് വ്യക്തമല്ല. അതേസമയം, ഔദ്യോഗിക പ്രതിനിധിസംഘത്തിൽ അബ്രോമോവിച് ഇല്ലെന്ന് റഷ്യ അറിയിക്കുന്നുമുണ്ട്.
വിഷബാധയേറ്റ വാർത്തകളും റഷ്യ തള്ളി. ഇദ്ദേഹത്തിന് ഇസ്രായേൽ പൗരത്വവുമുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ ഇദ്ദേഹമടക്കമുള്ള റഷ്യൻ ശതകോടീശ്വരൻമാർക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. സമാധാന ചർച്ചയിൽ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഉപരോധത്തിൽ നിന്നൊഴിവാക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളാദിമിർ സെലൻസ്കി യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ, യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 39 ലക്ഷമായി. മരിയുപോളിലെ റഷ്യൻ ആക്രമണം യുദ്ധക്കുറ്റമാണെന്ന് സെലൻസ്കി ആരോപിച്ചു.
അതേസമയം,സമാധാന ചർച്ചയെ റഷ്യ ഗൗരവമായി കാണുന്നുവെന്നതിന്റെ യാതൊരു സൂചനയുമില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിമർശിച്ചു.
യുദ്ധം സംബന്ധിച്ച് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിനിധികളുമായി ടെലിഫോൺ ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.