കിയവ്: രണ്ടുമാസത്തിലേക്ക് അടുക്കുന്ന റഷ്യയുടെ യുക്രെയ്ൻ അധിനിവേശം പുതിയ ഘട്ടത്തിലേക്ക്. യുക്രെയ്നിന്റെ കിഴക്കൻ വ്യവസായ മേഖലകളിലേക്ക് ആക്രമണ ലക്ഷ്യം മാറ്റിയ റഷ്യ, മരിയുപോളിൽ ശേഷിക്കുന്ന പ്രദേശങ്ങളിലും സമ്മർദം കടുപ്പിച്ചു. മരിയുപോളിന്റെ നല്ലൊരുഭാഗം റഷ്യയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞെങ്കിലും ചില പ്രദേശങ്ങളിൽ ചെറുത്തുനിൽപ് തുടരുകയാണ്. ഇവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ആക്രമണം ശക്തമാക്കിയത്. മരിയുപോളിലെ പോരാളികൾക്ക് കീഴടങ്ങാൻ റഷ്യ നൽകിയ സമയം ബുധനാഴ്ച അവസാനിച്ചു. റഷ്യൻ സമയം ഉച്ചക്ക് രണ്ടുമണിവരെയാണ് ആയുധംവെച്ച് കീഴടങ്ങാൻ റഷ്യ സമയം നൽകിയത്. പക്ഷേ, റഷ്യൻ നിർദേശം യുക്രെയ്ൻ പോരാളികൾ തള്ളി.
ഇതിനൊപ്പം, യുക്രെയ്ൻ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലുകളായ കൽക്കരി ഖനികൾ, ലോഹ പ്ലാന്റുകൾ, ഫാക്ടറികൾ എന്നിവ സ്ഥിതിചെയ്യുന്ന കിഴക്കൻ മേഖലയെയും റഷ്യ ലക്ഷ്യം വെക്കുന്നുണ്ട്. തലസ്ഥാനമായ കിയവ് കീഴടക്കാൻ കഴിയാതെ തിരിച്ചടി നേരിടുന്ന റഷ്യക്ക് മുഖം രക്ഷിക്കാനെങ്കിലും കിഴക്കൻ മേഖല വരുതിയിലാക്കേണ്ടതുണ്ട്. അവിടെയുള്ള കൂറ്റൻ ഉരുക്ക് പ്ലാന്റിനുനേർക്ക് ചൊവ്വാഴ്ച റഷ്യ ബോംബുകൾ വർഷിച്ചതായി യുക്രെയ്ൻ സൈന്യം ആരോപിച്ചു.
നൂറുകണക്കിന് മനുഷ്യർ തമ്പടിച്ചിരുന്ന താൽക്കാലിക ആശുപത്രിക്കുനേരെയും വ്യോമാക്രമണമുണ്ടായതായി വിവരമുണ്ട്. യുക്രെയ്നിലെ ശിശുക്കളെയും സാധാരണക്കാരെയും കൊന്നുതള്ളുന്നത് കണ്ടുകൊണ്ടിരിക്കുന്ന ലോക നേതാക്കളുടെ കൈകളിൽ ചോരപ്പാടുണ്ടെന്ന് പ്രസിഡന്റ് സെലൻസ്കിയുടെ ഉപദേശകൻ മിഖൈലോ പോഡോലൈക് സൂചിപ്പിച്ചു.അതിനിടെ, റഷ്യൻ അധിനിവേശത്തിന് ശേഷം 50 ലക്ഷത്തിലേറെ യുക്രെയ്ൻ സ്വദേശികൾ അഭയാർഥികളായതായി യു.എൻ റെഫ്യൂജി ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.