കീവ്: റഷ്യയുടെ വടക്കുപടിഞ്ഞാറൻ നോവ്ഗൊറോഡ് മേഖലയിലെ വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വസതികളിലൊന്നിൽ ഞായറാഴ്ച രാത്രി ദീർഘദൂര ആളില്ലാ ആകാശ വാഹനങ്ങൾ (യു.എ.വി) ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം നടത്തിയെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു. ഈ പശ്ചാത്തലത്തിൽ സമാധാന ചർച്ചകളിൽ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും റഷ്യ പറഞ്ഞു. ആക്രമണ സമയത്ത് പുടിൻ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല.
പുടിന്റെ വസതിയിൽ വിക്ഷേപിച്ചതായി അവകാശപ്പെട്ട 91 ഡ്രോണുകളും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ച് നശിപ്പിച്ചതായി ലാവ്‌റോവ് ടെലഗ്രാമിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന്റെ ഫലമായി ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, റഷ്യയുടെ ആരോപണം തള്ളിക്കളഞ്ഞ സെലെൻസ്‌കി, യുക്രെയ്‌നിനെതിരായ ആക്രമണം തുടരാനുള്ള സാധാരണ ‘റഷ്യൻ നുണകൾ’ ആണിതെന്ന് പറഞ്ഞു. ‘എല്ലാവരും ജാഗ്രത പാലിക്കണം. തലസ്ഥാനത്ത് ഒരു ആക്രമണം നടന്നേക്കാം’ എന്നും സെലെൻസ്‌കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യയുടെ അഭിപ്രായങ്ങൾ ഒരു ഭീഷണിയാണെന്നും കൂട്ടിച്ചേർത്തു.
യുക്രെയ്‌നിനെതിരായ ആക്രമണം തുടരാൻ റഷ്യ കാരണങ്ങൾ അന്വേഷിക്കുകയാണെന്നും വെടിനിർത്തലിലേക്കുള്ള പുരോഗതിയെ അവർ പരാജയമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ലോകം ഇപ്പോൾ നിശബ്ദത പാലിക്കാതിരിക്കേണ്ടത് നിർണായകമാണ്. ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ റഷ്യയെ അനുവദിക്കാനാവില്ല’ -സെലെൻസ്‌കി ‘എക്‌സിലെ’ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.