സ്യോൾ: ഉത്തരകൊറിയയെ ലക്ഷ്യമിട്ട് സുരക്ഷാ പങ്കാളിത്തമുണ്ടാക്കുന്നതിനെതിരെ യു.എസിനും ദക്ഷിണ കൊറിയക്കും ജപ്പാനും റഷ്യയുടെ മുന്നറിയിപ്പ്. ഉത്തരകൊറിയയിലെ വോൺസാനിൽ വിദേശകാര്യമന്ത്രി ചോ സൺ ഹുയിയുമായി കൂടിക്കാഴ്ച നടത്താനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് നിലപാട് വ്യക്തമാക്കിയത്.
യു.എസും ദക്ഷിണ കൊറിയയും ജപ്പാനും ഉത്തരകൊറിയയെ ചുറ്റിപ്പറ്റി സൈനിക ഒരുക്കം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തര കൊറിയക്കും റഷ്യക്കുമെതിരെ സഖ്യം കെട്ടിപ്പടുക്കുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയാണ്. ആണവായുധങ്ങൾ തേടാനുള്ള ഉത്തരകൊറിയയുടെ തീരുമാനം റഷ്യ മനസ്സിലാക്കുന്നുവെന്ന് ലാവ്റോവ് പറഞ്ഞു. യുക്രെയ്നിനെതിരായ റഷ്യയുടെ പോരാട്ടത്തെ ഉത്തരകൊറിയ നിരുപാധികം പിന്തുണയ്ക്കുന്നുവെന്ന് ചോ സൺ ഹുയി പറഞ്ഞു.
ഉത്തരകൊറിയയുടെ ആണവ പദ്ധതിക്ക് മറുപടിയായി യു.എസും ദക്ഷിണ കൊറിയയും ജപ്പാനും ത്രികക്ഷി സൈനികാഭ്യാസങ്ങൾ സജീവമാക്കുന്നതിനിടെയാണ് റഷ്യൻ വിദേശകാര്യ മന്ത്രി ഉത്തര കൊറിയക്ക് പിന്തുണയുമായെത്തിയത്. വെള്ളിയാഴ്ച കൊറിയൻ പെനിൻസുലയ്ക്ക് സമീപം യു.എസും ദക്ഷിണ കൊറിയയും ജപ്പാനും യു.എസ് ആണവശേഷിയുള്ള ബോംബർ വിമാനങ്ങൾ ഉൾപ്പെടുന്ന സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു.
ഈ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സോളിൽ കൂടിക്കാഴ്ച നടത്തുകയും സുരക്ഷക്ക് ഭീഷണിയാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഉത്തരകൊറിയയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.