മോസ്കോ: വെടിനിർത്തൽ വാഗ്ദാനം യുക്രെയ്ൻ തള്ളിയ സാഹചര്യത്തിൽ മോസ്കോയിൽ നടക്കുന്ന വിജയദിനാഘോഷ പരേഡിന് കനത്ത സുരക്ഷയൊരുക്കി റഷ്യ. സുരക്ഷക്കായി മൂന്നുദിവസം റഷ്യ ഇന്റർനെറ്റ് സേവനം നിർത്തിവെക്കുമെന്നാണ് റിപ്പോർട്ട്. പ്രാദേശിക സിവിൽ ഡിഫൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് സർവിസാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
വെള്ളിയാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് അടക്കം 20ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന റാലി നടക്കുക.
രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമനിക്കെതിരെ സോവിയറ്റ് യൂനിയൻ വിജയത്തിന്റെ 80ാം വാർഷികമാണ് വിജയദിനമായി റഷ്യ ആഘോഷിക്കുന്നത്. ഇതിനായി മൂന്നുദിവസത്തെ വെടിനിർത്തൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുടിന്റെ പ്രഖ്യാപനം തള്ളിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, പരിപാടിക്ക് മോസ്കോയിൽ എത്തുന്ന അതിഥികൾക്ക് ഒരു സുരക്ഷയും ഉറപ്പുനൽകാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ, മോസ്കോയുടെ സബർബൻ മേഖലയായ പൊദോൽസ്കിൽ കഴിഞ്ഞ രാത്രി നാല് യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടു. ഡ്രോണുകളുടെ അവശിഷ്ടം പതിച്ച് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചതായി മോസ്കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.