കിയവ്: യുക്രെയ്ൻ സേനയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പ്രതിരോധം തകർന്നതിനെ തുടർന്ന് വടക്കുകിഴക്കൻ യുക്രെയ്നിലെ പ്രധാന നഗരം ഉപേക്ഷിച്ച് റഷ്യ പിൻവാങ്ങി. ഖാർകീവിലെ ഇസിയം മേഖലയിൽ നിന്നാണ് റഷ്യ പിൻമാറിയത്. മാർച്ചിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നിന്ന് പിൻമാറിയതിനു ശേഷം റഷ്യൻ സൈന്യം നേരിടുന്ന വലിയ പരാജയമാണിത്.
ആയിരക്കണക്കിന് റഷ്യൻ സൈനികരാണ് വെടിമരുന്നുകളും ആയുധങ്ങളും ഉപേക്ഷിച്ച് നഗരം വിട്ടത്. ആറ്മാസം നീണ്ട യുദ്ധത്തിൽ ഇത് നിർണായക വഴിത്തിരിവാണ്. ഡോനെറ്റ്സ്കും ലുഹാൻസ്കും അടങ്ങുന്ന തൊട്ടടുത്തുള്ള ഡോൺബാസ് മേഖലയിലേക്കുള്ള ആക്രമണത്തിന്റെ തുടക്കമായായിരുന്നു റഷ്യ ഇസിയത്തെ കീഴടക്കിയത്.
പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് സൈനികർ പിൻവാങ്ങിയതെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സർക്കാർ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. ഇസിയത്തിൽ നിന്ന് പിൻമാറി സമീപത്തെ ഡോനെറ്റ്സ്കിൽ എവിടെ നിന്നെങ്കിലും ആക്രമണം നടത്താനാണ് ഉത്തരവ്.
വടക്കുകിഴക്കൻ യുക്രെയ്നിലേക്ക് റഷ്യൻ സൈന്യത്തെ എത്തിക്കുന്ന ഏക റെയിൽവേ ഹബ്ബായ കുപിയാൻസ്ക് നഗരം യുക്രെയ്ൻ സൈന്യം പിടിച്ചെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് ഇസിയത്തിൽ നിന്നുള്ള റഷ്യയുടെ പിൻമാറ്റം.
പിൻതിരിയുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനായി റഷ്യൻ സൈന്യം ഇതുവരെ മികച്ച പ്രകടനം നടത്തിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഈ മാസം ആദ്യം റഷ്യക്കെതിരായ പ്രത്യാക്രമണം ആരംഭിച്ചതിനുശേഷം യുക്രെയ്‌ൻ സൈന്യം ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യൻ അധീനതയിൽ നിന്ന് മോചിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
'റഷ്യൻ സൈന്യം ലോകത്തിലെ ഏറ്റവും വേഗതയേറിയ സൈന്യം എന്ന പദവി അവകാശപ്പെടുന്നു ... ഓടിക്കൊണ്ടിരിക്കുക!' സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.