ആക്രമണം കടുപ്പിച്ച് റഷ്യ; ലക്ഷ്യമിടുന്നത് വൈദ്യുതി നിലയങ്ങൾ

കിയവ്: തുടർച്ചയായി യുക്രെയ്നിലെ വൈദ്യുതി-ഊർജ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കി റഷ്യ. ഇത് കിയവ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലെ വൈദ്യുതി, ജല ലഭ്യതയെ സാരമായി ബാധിച്ചു. യുക്രെയ്നിലെ സ്ഥിതി ഗുരുതരമാണെന്നാണ് പ്രസിഡന്റിന്റെ അടുത്തയാളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ഡിനിപ്രോ നദിക്കരയിലെ വൈദ്യുതി നിലയത്തിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തിയത്. ഇവിടെയാകെ പുക നിറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. വരുന്ന ശീതകാലം കഷ്ടകാലത്തിന്റേതാകുമെന്ന് ഉറപ്പാകുംവിധമാണ് കാര്യങ്ങൾ. വൈദ്യുതിക്ഷാമത്തിന്റെ ദിനങ്ങൾക്കായി തയാറെടുക്കണമെന്ന് പ്രസിഡന്റ് ഓഫിസിലെ ഉപമേധാവി കൈറിലോ ടൈമോഷെങ്കോ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന ആക്രമണങ്ങളിൽ യുക്രെയ്നിലെ 30 ശതമാനം വൈദ്യുതി നിലയങ്ങൾ തകർന്നതായി പ്രസിഡന്റ് വ്ലാദ്മിർ സെലൻസ്കി ട്വിറ്ററിൽ പറഞ്ഞിരുന്നു. യുക്രെയ്ൻ സൈനിക, ഊർജ സംവിധാനങ്ങൾക്കെതിരെ ആക്രമണം തുടരുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.

അതിനിടെ, റഷ്യക്ക് ആയുധങ്ങൾ കൊടുക്കുന്ന ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലെബ പ്രസിഡന്റ് സെലൻസ്കിയോട് ആവശ്യപ്പെട്ടു. വ്യോമപ്രതിരോധ മേഖലയിൽ അടിയന്തര സഹകരണം ആവശ്യപ്പെട്ട് ഇസ്രായേലിനെ സമീപിക്കുമെന്നും യുക്രെയ്ൻ വ്യക്തമാക്കി.

അതിനിടെ, റഷ്യൻ സൈനിക വിമാനം ദക്ഷിണ റഷ്യയിലെ യെയ്സ്ക് പട്ടടണത്തിലെ ജനവാസകേന്ദ്രത്തിൽ തകർന്ന് നാലുപേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപാർട്മെന്റിന് തീപിടിച്ചു. പരിശീലനത്തിനിടെ എഞ്ചിന് തീപിടിച്ചാണ് അപകടമെന്നാണ് റഷ്യ അറിയിച്ചത്. വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടതോടെ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

റഷ്യ ഭീകര ഭരണകൂടമാണെന്ന പ്രമേയവുമായി എസ്തോണിയ

ടാലിൻ: റഷ്യ ഭീകരഭരണകൂടമാണെന്ന പ്രമേയവുമായി എസ്തോണിയ പാർലമെന്റ് അംഗങ്ങൾ. നാല് യുക്രെയ്ൻ പ്രവിശ്യകൾ പിടിച്ചെടുത്ത റഷ്യൻ നടപടിയെ എം.പിമാർ ശക്തമായി അപലപിച്ചു. 101 എം.പിമാരിൽ 88 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്തുപേർ അവധിയായിരുന്നു. മൂന്നുപേർ വിട്ടുനിന്നു.

റഷ്യൻ ഫെഡറേഷൻ ഭീകരതയെ പിന്തുണക്കുന്ന രാജ്യമാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. അയൽരാജ്യമായ ലാത്‍വിയയുടെ പാർലമെന്റും ആഗസ്റ്റിൽ സമാനനിലപാട് സ്വീകരിച്ചിരുന്നു.

Tags:    
News Summary - Russia intensified the attack; Power plants are targeted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.