ഇസ്താംബൂൾ: മൂന്നുവർഷം നീണ്ട ഏറ്റുമുട്ടലിനിടെ യുക്രെയ്നുമായി ആദ്യമായി വെടിനിർത്തൽ ചർച്ച നടത്തി റഷ്യ. തുർക്കിയയിലെ ഇസ്താംബൂളിൽ നടന്ന ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘത്തിന്റെ കൂടിക്കാഴ്ച രണ്ട് മണിക്കൂറിൽ അവസാനിച്ചതായി തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ അറിയിച്ചു.
1000 യുദ്ധത്തടവുകാരെ കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും കൂടിക്കാഴ്ച നടത്തണമെന്ന യുക്രെയ്ന്റെ ആവശ്യവും ചർച്ച ചെയ്തു. വെടിനിർത്തൽ സാധ്യതയെ കുറിച്ച് ഇരു വിഭാഗവും ചർച്ച നടത്തിയതായും അടുത്ത കൂടിക്കാഴ്ച ഉടൻ പ്രഖ്യാപിക്കുമെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രി റുസ്തേം ഉമറോവ് പറഞ്ഞു.
ഉമറോവിന്റെ നേതൃത്വത്തിൽ യുക്രെയ്ൻ സംഘവും പുടിന്റെ സഹായി വ്ലാദിമിർ മെഡിൻസ്കിയുടെ നേതൃത്വത്തിൽ റഷ്യൻ സംഘവുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഹിയോർഹി ടൈഖി പറഞ്ഞു. കൂടിക്കാഴ്ചയുടെ അവസരം പ്രയോജനപ്പെടുത്തണമെന്നും എത്രയും വേഗം വെടിനിർത്തൽ യാഥാർഥ്യമാക്കുക വളരെ പ്രധാനപ്പെട്ടതാണെന്നും ചർച്ചക്ക് മധ്യസ്ഥത വഹിച്ച ഫിദാൻ പറഞ്ഞു. അതേസമയം, വലിയൊരു ഭാഗം ഭൂപ്രദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കണം എന്നതടക്കമുള്ള അംഗീകരിക്കാൻ കഴിയാത്ത ഉപാധികളാണ് റഷ്യ മുന്നോട്ടുവെച്ചതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.