നിയന്ത്രണമില്ലാതെ ജനങ്ങൾ; ഗോടബയയുടെ കൊട്ടാരത്തിൽ കൊള്ളയും

കൊളംബൊ: സഹികെട്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയയുടെ കൊട്ടാരം പിടിച്ച പ്രക്ഷോഭകർ നാലാം ദിനവും അതിൽതന്നെ. രാജ്യത്ത് ഏറ്റവും കനത്ത സുരക്ഷയുണ്ടായിരുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ ജനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ കയറിയിറങ്ങുന്നു. വിലപിടിപ്പുള്ള അപൂർവ സാധനങ്ങൾ ഇവിടെനിന്ന് ജനങ്ങൾ കടത്തിക്കൊണ്ടുപോകുന്നതായി 'കൊളംബൊ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള പ്രസിഡന്റുമാർക്ക് കിട്ടിയ ഉപഹാരങ്ങളും പുരാതന വസ്തുക്കളും കൊള്ളയടിക്കപ്പെടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസിലെ മാധ്യമ വിഭാഗത്തിൽനിന്ന് നിരവധി ഉപകരണങ്ങൾ പ്രക്ഷോഭകർ എടുത്തുകൊണ്ടുപോയതായി കൊലുപിടിയ പൊലീസ് സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ഓഫിസ് പരാതി നൽകി. രണ്ട് ലാപ്ടോപ്പുകൾ, ഒരു വിഡിയോ കാമറ, മറ്റ് കാമറ ഉപകരണങ്ങൾ എന്നിവയാണ് തട്ടിയെടുത്തതെന്ന് 'കൊളംബൊ പേജ്' പോർട്ടൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെങ്കിലും വിക്രമസിംഗെ ഇവിടെ താമസം തുടങ്ങിയിരുന്നില്ല. മാധ്യമവിഭാഗം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ശനിയാഴ്ച പ്രക്ഷോഭകർ കേംബ്രിഡ്ജ് പാലസിലെ വിക്രമസിംഗെയുടെ സ്വകാര്യ വസതിയിലും ആക്രമണം നടത്തി വലിയ നാശനഷ്ടം വരുത്തിയിരുന്നു. ഇതിനോട് വൈകാരികമായി വിക്രമസിംഗെ പ്രതികരിച്ചിരുന്നു.

തനിക്ക് ഇതല്ലാതെ വേറെ വസതിയില്ലെന്നും തന്റെ ഏറ്റവും വലിയ സമ്പാദ്യമായിരുന്ന 2500 പുസ്തകങ്ങൾ പ്ര​ക്ഷോഭകർ അഗ്നിക്കിരയാക്കിയെന്നും വിക്രമസിംഗെ പറഞ്ഞു. ഹിറ്റ്ലറുടെ മനഃസ്ഥിതിയുള്ളവരാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകക്ഷി സർക്കാറിന് വഴിയൊരുക്കാൻ രാജിവെക്കാമെന്ന് വിക്രമസിംഗെ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ വസതിക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സ്ത്രീയടക്കം പത്തുപേർക്ക് പരിക്കുമുണ്ട്. വസതിക്കകത്തുണ്ടായ സംഘട്ടനത്തിലാണ് ചിലർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോടബയ, വിക്രമസിംഗെ എന്നിവർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ജനങ്ങൾ ഇരുവരുടേയും ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. ഏഴ് പതിറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിൽ മനം മടുത്തായിരുന്നു ജനകീയ പ്രക്ഷോഭം.

Tags:    
News Summary - robbery in Gotabayas palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.