ലണ്ടൻ: കൂറ്റൻ നയതന്ത്ര കാര്യാലയം നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ലണ്ടൻ നഗരത്തിൽ പ്രതിഷേധം. യൂറോപ്പിലെ ഏറ്റവും വലിയ എംബസി പണിയാൻ ചൈന പദ്ധതിയിട്ട ലണ്ടൻ ടവറിനടുത്തുള്ള റോയൽ മിന്റ് കോർട്ടിന് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. ഹോങ്കോങ്, ഉയിഗൂർ, ടിബറ്റൻ സ്വദേശികളുടെ നേതൃത്വത്തിലായിരുന്നു റാലി. ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെൻറിക്, ഷാഡോ സുരക്ഷ മന്ത്രി ടോം ടുഗെൻഹാറ്റ്, പ്രതിപക്ഷമായ കൺസർവേറ്റിവ് പാർട്ടി മുൻ നേതാവ് ഇയാൻ ഡങ്കൻ സ്മിത്ത് എന്നിവരും പ്രതിഷേധക്കാർക്കൊപ്പം അണിചേർന്നു. രാഷ്ട്രീയ പ്രതിയോഗികളെയും വിമർശകരെയും നിയമവിരുദ്ധമായി തടവിലിടാൻ ചൈന ഈ കേന്ദ്രം ഉപയോഗിക്കുമെന്നാണ് ഇവരുടെ ആശങ്ക.
2018ലാണ് പദ്ധതിക്കായി ചൈന അഞ്ച് ഏക്കർ സ്ഥലം വാങ്ങിയത്. പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കെട്ടിട നിർമാണത്തിനുള്ള അനുമതി ടവർ ഹാംലെറ്റ്സ് കൗൺസിൽ 2022 വരെ വൈകിപ്പിച്ചു. ലേബർ പാർട്ടി അധികാരത്തിലെത്തിയ ശേഷം ചൈന വീണ്ടും അപേക്ഷ നൽകുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് പദ്ധതിക്ക് പുനർജീവൻ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.