ചെറുത്തുനിന്ന് സെവേറോഡോണെറ്റ്സ്ക്; ആയുധക്ഷാമം വലച്ച് യുക്രെയ്ൻ

കിയവ്: കിഴക്കൻ യുക്രെയ്നിൽ റഷ്യൻ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുക്രെയ്ൻ സേനയുടെ ശക്തമായ തിരിച്ചടി. പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ ഷെല്ലിങ് തുടർന്നിട്ടും ലുഹാൻസ്ക് മേഖലയിലെ സെവേറോഡോണെറ്റ്സ്കും സമീപത്തെ ലിസിചാൻസ്കും കീഴടങ്ങാതെ ചെറുത്തുനിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രണ്ടും കീഴടക്കി മേഖല പൂർണമായി പിടിയിലൊതുക്കാനാണ് റഷ്യയുടെ നീക്കം. സെവേറോഡോണെറ്റ്സ്ക് ഏതുസമയവും വീഴാമെന്ന സ്ഥിതിയിലാണെന്ന് യുക്രെയ്ൻ സുരക്ഷ കൗൺസിൽ അറിയിച്ചു. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 20 പട്ടണങ്ങളിലാണ് വ്യാഴാഴ്ച റഷ്യ ഷെല്ലിങ് നടത്തിയത്. നിരവധി വീടുകളും വ്യവസായകേന്ദ്രങ്ങളും ആക്രമണത്തിൽ തകർന്നു.

അതേസമയം, റഷ്യ പിടിമുറുക്കിയ മറ്റൊരു മേഖലയായ തെക്ക് വലിയ തിരിച്ചടികൾ നേരിടുന്നതായും സൂചനയുണ്ട്. നേരത്തേ കീഴടങ്ങിയ ഖേഴ്സൺ, സപോറിഷിയ പ്രവിശ്യകളിൽ യുക്രെയ്ൻ സേന നിർണായക മുന്നേറ്റങ്ങൾ നടത്തിയതായാണ് അവകാശവാദം. ഖേഴ്സണിൽ പ്രതീക്ഷയുള്ള നീക്കങ്ങൾ തുടരുന്നതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിനിടെ, റഷ്യ ശത്രുപക്ഷത്തുനിൽക്കുന്ന യുക്രെയ്നെ ആയുധക്ഷാമം വലക്കുന്നതായി റിപ്പോർട്ട്. നേരത്തേ റഷ്യയിൽനിന്നാണ് പ്രധാനമായി ആയുധങ്ങൾ എത്തിയിരുന്നത്. അവ പൂർണമായി നിലച്ചതോടെ നാറ്റോ ശക്തികൾ നൽകുന്ന ആയുധങ്ങൾ മാത്രമാണ് പ്രതീക്ഷ. ഇവയും നിലവിലെ സാഹചര്യങ്ങൾ നേരിടാൻ മാത്രമാകുന്നില്ലെന്നാണ് യുക്രെയ്ൻ നേരിടുന്ന വെല്ലുവിളി. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 40 രാജ്യങ്ങളുടെ കൂട്ടായ്മക്ക് രൂപം നൽകിയാണ് ആയുധങ്ങൾ എത്തിക്കുന്നത്.

ദീർഘദൂര റോക്കറ്റുകൾ വരെ കൈമാറുമെന്ന് യു.എസ് അടുത്തിടെ അറിയിച്ചിരുന്നു. 1000 ടാങ്ക് വേധ മിസൈലുകൾ, നാല് ഹെലികോപ്റ്ററുകൾ, 15,000 ഹോവിറ്റ്സർ ഷെല്ലുകൾ, 15 കവചിത വാഹനങ്ങൾ എന്നിവയാണ് ഏറ്റവുമൊടുവിൽ യു.എസ് അനുവദിച്ചത്. എന്നാൽ, കൂടുതൽ പ്രഹരശേഷിയുള്ള ദീർഘദൂര ആയുധങ്ങൾ യുക്രെയ്ന് നൽകാൻ യു.എസിന് താൽപര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Tags:    
News Summary - Resistance at severodonetsk, Ukrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.