റഷ്യൻ സൈനികർ
മോസ്കോ/ബീജിങ്: യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ സേനയ്ക്ക് ചൈന രഹസ്യമായി സൈനിക പരിശീലനം നൽകിയതായി റിപ്പോർട്ട്. റഷ്യൻ പ്രതിരോധ മന്ത്രിയുടെ നേരിട്ടുള്ള അനുമതിയോടെയാണ് പരിശീലന പരിപാടികൾ നടന്നതെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട രേഖകളും ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷമാണ് നടപടികൾ നടന്നത്. റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവിന്റെ തീരുമാനപ്രകാരം, റഷ്യൻ സായുധ സേനയുടെ പ്രതിനിധി സംഘം ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (PLA) കേന്ദ്രങ്ങളിൽ പരിശീലനത്തിനായി യാത്ര തിരിച്ചുവെന്നാണ് റിപ്പോർട്ട്. നാല് റഷ്യൻ, ചൈനീസ് ജനറൽമാരെങ്കിലും രഹസ്യ നീക്കത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പരിശീലന പരിപാടിയുടെ ഭാഗമായി ബീജിങിലെ സൈനിക കേന്ദ്രത്തിൽ മൂന്നാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശീലനം നടന്നതായി രേഖകൾ വ്യക്തമാക്കുന്നു. റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ പ്രതിരോധത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൈനീസ് പരിശീലകർ റഷ്യൻ സൈനികർക്ക് കെമിക്കൽ-റേഡിയേഷൻ റീകോണസൻസ് (നിരീക്ഷണം), വായുസഞ്ചാര സംവിധാനങ്ങളെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ക്ലാസെടുത്തതായി രേഖകളിലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധക്കളത്തിലെ അതീവ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ പരിശീലനം റഷ്യൻ സൈനികരെ സഹായിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷത പാലിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചൈന, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് നിഷേധിച്ചു. എന്നാൽ യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കജ കല്ലാസ് ഉൾപ്പെടെയുള്ളവർ പരിശീലനം സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാട് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം, റഷ്യൻ പാർലമെന്റിലെ പ്രതിരോധ സമിതി തലവൻ ആന്ദ്രേ കാർട്ടപോലോവ് ഈ റിപ്പോർട്ടുകൾ "അസംബന്ധം" എന്നാണ് വിശേഷിപ്പിച്ചത്. റഷ്യൻ സൈന്യത്തിന് ചൈനയിൽ നിന്ന് പഠിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. റഷ്യയും ചൈനയും തമ്മിലുള്ള സൈനിക സഹകരണം യുക്രെയ്ൻ യുദ്ധത്തിൽ പുതിയൊരു മാനത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.