ദോഹ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്ര കരാർ തയാറാക്കുന്നതിന്റെ ഭാഗമായി ദോഹയിൽ യു.എസ്-ഇറാൻ ചർച്ച തുടരുന്നു. കഴിഞ്ഞയാഴ്ച, ഹുർമുസിനെച്ചൊല്ലി ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയ പശ്ചാത്തലത്തിൽ നേരിട്ടുള്ള ചർച്ചയില്ല. പകരം, മധ്യസ്ഥരായ ഖത്തർ പ്രതിനിധികളുമായി ഇരുകക്ഷികളും പ്രത്യേകം ചർച്ച നടത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യയിലെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫും മരുമകനായ ജാരദ് കുഷ്നറുമാണ് ചൊവ്വാഴ്ച ദോഹയിലെത്തിയത്. ഇറാന്റെ വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനുമായി ‘മികച്ച ചർച്ച’യാണ് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പദ്ധതികളടക്കം ചർച്ചയായതായി അദ്ദേഹം സൂചിപ്പിച്ചു. ചർച്ചയിൽ പുരോഗതിയുള്ളതായി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനും സ്ഥിരീകരിച്ചു.
ഉപരോധത്തിൽ ഇളവുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകദേശ തീരുമാനമായതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രായേൽ നിലപാട് സമാധാന ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞദിവസം, ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ ‘മരണത്തിന് അടയാളപ്പെടുത്തപ്പെട്ട വ്യക്തി’യെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രസ്താവനയെ ഇറാൻ ഗൗരവത്തോടെയാണ് കാണുന്നത്.
‘തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്. തങ്ങളുടെ യജമാനനെ അവർ അവഗണിക്കുകയാണെങ്കിൽ ഇറാൻ അവരെ പാഠം പഠിപ്പിക്കും’ -ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.