തെൽ അവീവ്: ഹിസ്ബുല്ല സായുധ സംഘം തുടരുന്നിടത്തോളം കാലം തെക്കൻ ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെക്കൻ ലബനാനിലെ ഇസ്രായേൽ സുരക്ഷാ മേഖലയിൽ സൈനികരെ സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ സുരക്ഷക്കോ സൈനികരുടെ ജീവനോ ഭീഷണിയുണ്ടായാൽ വെറുതെയിരിക്കരുതെന്നും ഉടൻ തിരിച്ചടിക്കണമെന്നും സൈനികർക്ക് അദ്ദേഹം കർശന നിർദേശം നൽകി.
ഇസ്രായേലും ലബനാനും പരസ്പരം അംഗീകരിക്കുന്ന രണ്ട് പരമാധികാര രാഷ്ട്രങ്ങളാണെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഇറാനും ഹിസ്ബുല്ലയും ഈ പ്രദേശത്തുനിന്ന് മാറിനിൽക്കണം. ഇറാനിയൻ അച്ചുതണ്ടിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ഭീഷണി പൂർണമായും ഇല്ലാതാകും വരെ സൈന്യം തെക്കൻ ലബനാനിൽ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ 9,000 പേർ കൊല്ലപ്പെട്ടെന്നും, 1,50,000 ഉണ്ടായിരുന്ന മിസൈൽ ശേഖരത്തിന്റെ 92 ശതമാനവും നശിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലബനാനിൽ ഇസ്രായേലിന് അതിമോഹങ്ങളൊന്നുമില്ലെന്നും എന്നാൽ, ഹിസ്ബുല്ലയെ നിരായുധരാക്കാതെ ഒരടിപോലും പിന്നോട്ടില്ലെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ലബനാൻ സൈന്യം ഹിസ്ബുല്ലക്കെതിരെ പെട്ടെന്ന് ശക്തമായി പ്രതികരിക്കുമെന്ന് കരുതുന്നില്ലെന്നും, അതിനാൽ ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യം ദീർഘകാലത്തേക്ക് നീളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ലബനാനിലുള്ള യു.എൻ ഇടക്കാല സേനയുടെ കാലാവധി ഈ വർഷം അവസാനത്തോടെ അവസാനിക്കും. തുടർന്ന് 5,000 സൈനികരും 500 നിരീക്ഷകരുമടങ്ങുന്ന മറ്റൊരു സേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ഫ്രാൻസും രംഗത്തുണ്ട്.
സംഘർഷത്തെത്തുടർന്ന് തെക്കൻ ലബനാനിൽനിന്ന് പലായനം ചെയ്തവരിൽ 40 ശതമാനത്തോളം പേർ (ഏകദേശം 4,00,000) തിരികെ നാട്ടിലെത്തിയതായി ലബനാൻ സാമൂഹികക്ഷേമ മന്ത്രി ഹനാൻ അൽ സഈദ് അറിയിച്ചു. മാർച്ച് രണ്ടിന് സംഘർഷം തുടങ്ങിയശേഷം ഏകദേശം പത്തുലക്ഷം പേർക്കാണ് വീടുകൾ വിട്ടുപോകേണ്ടി വന്നത്. താൽക്കാലിക ഷെൽട്ടറുകളിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം 37,000ൽനിന്ന് 13,000 ആയി കുറഞ്ഞിട്ടുണ്ട്. വീടുകൾ പൂർണമായും തകർന്ന എത്ര കുടുംബങ്ങളുണ്ടെന്ന് ഒരാഴ്ചക്കുള്ളിൽ വ്യക്തമാകുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.