കോവിഡ്​ മരണനിരക്കും ആശുപത്രിവാസവും കുറക്കാൻ ​െറംഡെസിവിറിനാകില്ലെന്ന്​ ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനെതിരെ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്ന ആൻറിവൈറല്‍ മരുന്നായ റെംഡെസിവിറിന്​ കോവിഡ് മരണനിരക്ക് കുറക്കുന്നതിനോ രോഗികളുടെ ആശുപത്രിവാസത്തിൻെറ ദൈര്‍ഘ്യം കുറക്കുന്നതിനോ സഹായകരമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തി. കോവിഡ് 19 പ്രതിരോധത്തിനായി ആദ്യം ഉപയോഗിച്ചിരുന്ന മരുന്നാണ് റെംഡെസിവിര്‍. അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധിതനായപ്പോഴും ചികിത്സക്കായി ഉപയോഗിച്ചത് ഈ മരുന്നാണ്.

മുപ്പതിലധികം രാജ്യങ്ങളില്ലായി 11,266 മുതിര്‍ന്ന രോഗികളില്‍ നടത്തിയ പഠനത്തിലാണ് റെംഡെസിവിര്‍ കോവിഡ് 19 ചികിത്സക്ക്​ ഫലപ്രദമല്ലെന്ന നിഗമനത്തില്‍ ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്. റെംഡെസിവിറിന് പുറമേ, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആൻറി എച്ച്.ഐ.വി. ഡ്രഗ് കോമ്പിനേഷനായ ലോപിനാവിര്‍/റിട്ടോനാവിര്‍, ഇൻറര്‍ഫെറോണ്‍ എന്നീ മരുന്നുകളുടേയും ഫലപ്രാപ്തിയും പഠനവിധേയമാക്കിയിരുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 28 ദിവസത്തെ ഉപയോഗത്തിന്​ ശേഷവും മരുന്നിന്​ മരണനിരക്കോ ആശുപത്രി വാസത്തി​െൻറ ദൈർഘ്യത്തെയോ കുറക്കുന്നില്ലെന്ന്​ പഠനത്തിൽ കണ്ടെത്തി. എന്നാൽ മറ്റ്​ മരുന്നുകളുടെ ട്രയലിൻെറ പഠനറിപ്പോര്‍ട്ട് ഇനിയും അവലോകനം ചെയ്തിട്ടില്ല.

നേരത്തെ പുറത്തുവന്ന യു.എസ്. പഠനത്തില്‍ റെംഡെസിവിര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന രോഗികള്‍ മറ്റു കോവിഡ് ബാധിതരേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നതായി കാണിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തെ വിമര്‍ശിച്ച് റെംഡെസിവിര്‍ നിര്‍മാതാക്കാളായ ഗിലെഡ് സയന്‍സസ് രംഗത്തെത്തിയിട്ടുണ്ട്. അഞ്ചു ദിവസം ചികിത്സയുടെ ഭാഗമായി 10,62 രോഗികൾക്ക്​ റെംഡെസിവിര്‍ നൽകിയെന്നും ഇവർ മറ്റുരോഗികളെക്കാൾ വേഗത്തിൽ രോഗമുക്തി നേടിയെന്നും ഗ​ിലെഡ്​ സയൻസ്​ പ്രതികരിച്ചു.

പഠനസമയത്ത് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലോപിനാവിര്‍/റിട്ടോനാവിര്‍ എന്നിവയുടെ ഉപയോഗം ജൂണ്‍ മാസത്തില്‍ തന്നെ നിര്‍ത്തിയതായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

കോവിഡിനെതിരെ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാമെന്ന് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗികമായി അംഗീകരിച്ച മരുന്നാണ്​ റെംഡെസിവിര്‍.

എബോളാ വ്യാധിക്കെതിരെ അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ ഗിലെഡ് സയന്‍സസ് എന്ന കമ്പനിയാണ് ഈ മരുന്ന് 2014ല്‍ പുറത്തിറക്കിയത്. തുടര്‍ന്ന് ഇത് മേര്‍സ് (MERS), സാര്‍സ് (SARS) എന്നീ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിച്ചു വരികയായിരുന്നു. ഈ മരുന്നിൻെറ ആൻറിവൈറല്‍ ഗുണം സാര്‍സ്-കോവ് 2, എന്ന കോവിഡിനെതിരെ പ്രയോഗിക്കാമെന്ന അനുമാനത്തിലാണ്​ റെംഡെസിവിറിന്​ അംഗീകാരം നൽകിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.