വാഷിങ്ടൺ: അമേരിക്കയിൽ വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന എച്ച്-1ബി വിസ നിർത്തലാക്കണമെന്ന ആവശ്യവുമായി റിപ്പബ്ലിക്കൻ പാർട്ടി എം.പി ബ്രാൻഡൻ ഗിൽ. ടെക്സസിലെ ഒരു സെവൻ ഇലവൻ സ്റ്റോറിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എം.പിയുടെ വിവാദ പരാമർശം. എച്ച്-1ബി വിസ തട്ടിപ്പാണെന്നും അത് നിർത്തലാക്കണമെന്നുമാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
യൂട്യൂബറായ ടൈലർ ഒലിവേര പങ്കുവെച്ച വിഡിയോയാണ് വിവാദങ്ങൾക്ക് ആധാരം. ടെക്സസിലെ കടയിൽ ജോലി ചെയ്യുന്ന യുവാവിനോട് സംസാരിക്കുമ്പോൾ താൻ എച്ച്-1ബി വിസയിലാണ് അമേരിക്കയിലെത്തിയതെന്ന് ഇയാൾ പറയുന്നുണ്ട്. സാധാരണഗതിയിൽ ശാസ്ത്രജ്ഞർ, എൻജിനീയർമാർ തുടങ്ങിയ ഉയർന്ന പ്രഫഷനൽ യോഗ്യതയുള്ളവർക്ക് മാത്രം നൽകുന്നതാണ് ഈ വിസ. എന്നാൽ, ഒരു പലചരക്ക് കടയിൽ ഇത്തരത്തിൽ വിസ അനുവദിക്കുന്നത് അമേരിക്കൻ തൊഴിലാളികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണെന്നാണ് വിമർശകരുടെ വാദം.
അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാടുള്ള വ്യക്തിയാണ് ബ്രാൻഡൻ ഗിൽ. എന്നാൽ, ഗില്ലിന്റെ ഭാര്യ ഡാനിയേൽ ഡിസൂസ ഇന്ത്യൻ വംശജയാണെന്നതാണ് ഈ വിവാദത്തിലെ കൗതുകകരമായ മറ്റൊരു വശം. മുംബൈയിൽ ജനിച്ച് പിന്നീട് അമേരിക്കയിൽ ട്രംപിന്റെ അനുയായിയായി മാറിയ ദിനേഷ് ഡിസൂസയുടെ മകളാണ് ഡാനിയേൽ. സ്വന്തം വീട്ടിൽ തന്നെ ഇന്ത്യൻ ബന്ധമുള്ള ഗിൽ ഇന്ത്യക്കാർക്കെതിരെ രംഗത്ത് വന്നതിനെ സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നുണ്ട്.
മുമ്പ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായിരുന്ന ബ്രാൻഡൻ ഗിൽ 2025 ജനുവരിയിലാണ് ടെക്സസിൽ നിന്നും യു.എസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ കമ്പനികൾ അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് വെക്കുന്നത് തടയുന്നതിനായുള്ള കർശന നിയമങ്ങൾ കൊണ്ടുവരാൻ ഇയാൾ നേരത്തെ ശ്രമിച്ചിരുന്നു. എച്ച്-1ബി വിസ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം അമേരിക്കയിൽ വീണ്ടും ചർച്ചയാക്കാൻ ഈ പുതിയ വിഡിയോ കാരണമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.